റീഡിംഗ് എടുക്കുമ്പോൾ വാട്ടർ ബില്ലുമടയ്ക്കാം, ആധുനിക പാംഹെൽഡ് യന്ത്രം വരുന്നു

Sunday 14 April 2024 4:17 AM IST

തിരുവനന്തപുരം: മീറ്റർ റീഡർമാർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ഉപഭോക്താവിന് ക്രെഡിറ്റ്,​ ഡെബിറ്റ്,​ യു.പി.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് കുടിവെള്ള ബിൽ അടയ്ക്കാനാവുന്ന പാം ഹെൽഡ് യന്ത്രങ്ങൾ വാങ്ങാൻ ജല അതോറിട്ടി ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ 8 കോടി മുടക്കി 1000 യന്ത്രങ്ങൾ വാങ്ങും. ടെൻഡറിൽ പങ്കെടുത്ത നാല് കമ്പനികളിൽ നിന്ന് ഒരു കമ്പനിയെ തിരഞ്ഞെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ യന്ത്രങ്ങൾ വാങ്ങുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്.

ജലജീവൻ മിഷൻ അടക്കം 42 ലക്ഷം ഉപഭോക്താക്കൾക്കുമായി 346 സ്ഥിരം മീറ്റർ റീഡർമാരാണുള്ളത്. 1100 കുടുംബശ്രീക്കാരെയും 325 കരാർ തൊഴിലാളികളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

സ്‌മാർട്ട് ഫോണിൽ മീറ്റർ റീഡിംഗ് എടുത്ത് കുടിവെള്ള ബിൽ അടയ്‌ക്കാനായി ജല അതോറിട്ടി കെ - സെൽഫ് ആപ്പ് 2022ൽ കൊണ്ടുവന്നെങ്കിലും സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങി നിലച്ചിരുന്നു. മീറ്റർ റീ‌ഡർമാർക്കായുള്ള കെ മീറ്റർ ആപ്പും വിജയിച്ചില്ല.

 പാം ഹെൽഡ് മെഷീൻ

കെ.എസ്.ഇ.ബിയിലെ മാതൃകയിലുള്ള ബില്ലിംഗ് യന്ത്രം നേരത്തെ തലസ്ഥാനത്ത് പാറ്റൂർ ഡിവിഷനിൽ ഉപയോഗിച്ചിരുന്നു. ഇതിൽ ബിൽ നൽകാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. പുതിയ യന്ത്രം ജി.പി.എസ് സംവിധാനമുള്ളതാണ്. അതിനാൽ മീറ്റർ റീഡർമാർക്ക് ഓരോ വാട്ടർ മീറ്ററും മാപ്പിൽ ഉൾപ്പെടുത്താം. ഒരു മീറ്ററിൽ നിന്ന് അടുത്ത മീറ്ററിലേക്കുള്ള വഴിയും ജി.പി.എസിലൂടെ അറിയാം. ഇതിലൂടെ മീറ്റ‍ർ റീഡർമാർ മാറിയാലും കൃത്യമായി റീഡിംഗ് എടുക്കാനാകും. യന്ത്രത്തിൽ മീറ്ററിന്റെ ചിത്രം കൂടി പതിയുമെന്നതിനാൽ ഭാവിയിലെ തർക്കങ്ങളും ഒഴിവാക്കാം. യന്ത്രത്തിലെ റീഡിംഗ് തത്സമയം ജല അതോറിട്ടിയുടെ കേന്ദ്ര സെർവറിൽ രേഖപ്പെടുത്തുകയും ചെയ്യും.