കള്ളക്കടത്ത് കേന്ദ്രം പ്രധാനമന്ത്രി വ്യക്തമാക്കണം: ചെറിയാൻ ഫിലിപ്പ്

Sunday 14 April 2024 1:07 AM IST

തിരുവനന്തപുരം: കേരളത്തിൽ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കഴിഞ്ഞ മാസം തൃശൂരിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച കേരളത്തിലെത്തുമ്പോൾ ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ബാദ്ധ്യസ്ഥനാണെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി സംശയത്തിന്റെ പുകമറ സൃഷ്ടിക്കാൻ പാടില്ല. കള്ളക്കടത്തു നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. 2013 ലെ യു.എ.പി.എ ഭേദഗതിയനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന കള്ളക്കടത്ത് ഭീകര പ്രവർത്തനമാണ്. എല്ലാം അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഭീകര പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത പ്രഭവ കേന്ദ്രം കണ്ടുപിടിച്ച് കുറ്റവാളികളെ ജയിലിലടയ്ക്കാൻ മടിക്കുന്നതെന്നറിയില്ല. ഇതിന്റെ പിന്നിൽ രാഷ്ട്രീയ കള്ളക്കളിയുണ്ടോയെന്ന് സംശയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.