കണിയും കൈനീട്ടവും പിന്നെ വോട്ട് പിടിത്തവും

Sunday 14 April 2024 1:30 AM IST

തിരുവനന്തപുരം: വിഷുദിനത്തിലും മണ്ഡല പര്യടനവും സ്വീകരണ പരിപാടികളുമായി പരമാവധി വോട്ടർ‌മാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. മിക്കവരും രാവിലെ ക്ഷേത്രദർശനത്തോടെ തുടങ്ങുന്നത്. പ്രവർത്തക‌ർക്ക് കെെനീട്ടം നൽകിയ ശേഷമാകും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.

മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ക്ഷേത്ര ദർശനത്തിനുശേഷം നെടുവത്തൂരിലെ പരിപാടികളിൽ പങ്കെടുക്കും. പൊതുപരിപാടികളല്ലാതെ കണ്ണൂർ നടാലിലെ കൂട്ടുകുടുംബ വീട്ടിലാണ് കെ.സുധാകരന്റെ ആഘോഷം. പ്രചാരണത്തിരക്കിലും കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വിഷുക്കണി കണ്ട് അച്ഛൻ വെള്ളാപ്പള്ളി നടേശനിൽ നിന്ന് പതിവ് കൈ നീട്ടം വാങ്ങിയാണ് കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വിഷുദിനം ആരംഭിക്കുക. മാവേലിക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺ കുമാ‌ർ കായംകുളത്തെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം വിഷു ആഘോഷത്തിന് ശേഷം പ്രചാരണത്തിനിറങ്ങും.

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ കുടുംബത്തോടൊപ്പം വിഷുക്കണി കണ്ടശേഷം എട്ടോടെ പര്യടനം ആരംഭിക്കും.

കോട്ടയത്തെ യു.‌ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് അടുത്ത പ്രവ‌ർത്തകർക്ക് കൈനീട്ടം നൽകി പര്യടനം തുടങ്ങും. വൈക്കത്ത് കുടുംബത്തോടൊപ്പം പാർട്ടി നേതാവിന്റെ വീട്ടിലാണ് വിഷുസദ്യ.

കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ കണികണ്ട ശേഷം മകൻ കാർത്തിക്കിനും ഭാര്യ ഗീതയ്ക്കും കൈനീട്ടം നൽകും. 7ന് പ്രചാരണത്തിനിറങ്ങും. ആലപ്പുഴയിലെ കോൺഗ്രസ് സാരഥി കെ.സി വേണുഗോപാൽ ഇന്ന് ഡൽഹിയിലാണ്. വിഷു ആഘോഷം ഇല്ല. 16ന് മണ്ഡലത്തിൽ എത്തും. അടൂർ പ്രകാശ് വിഷുദിനത്തിലും മണ്ഡല പര്യടനത്തിലായിരിക്കും. പര്യടനത്തിന് അവധി കൊടുത്ത തരൂർ അന്ന് വനിതാസംഗമത്തിലും മറ്റ് ചില പരിപാടികളിലും പങ്കെടുക്കും. കെ.മുരളീധരൻ ബന്ധുമിത്രങ്ങൾക്ക് വിഷുക്കൈനീട്ടം നൽകും. വടക്കുന്നാഥൻ, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തുന്ന കോട്ടയം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഭക്തരെ നേരിൽക്കണ്ട് ആശംസ അറിയിക്കും. കൊല്ലം സ്ഥാനാർത്ഥി എം.മുകേഷിന്റെ വിഷു വീട്ടുകാർക്കൊപ്പമാണ്. കണികണ്ടശേഷം അമ്മയ്ക്കും സഹോദരിക്കും കൈനീട്ടം നൽകി പ്രചാരണത്തിനിറങ്ങും. പാലക്കാട് ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവൻ ഇന്ന് തിരഞ്ഞെടുപ്പ് പര്യടനങ്ങൾക്ക് അവധിനൽകി കുടുംബത്തോടൊപ്പം വിഷുദിനം ചെലവഴിക്കും. തൃശൂർ സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാർ വീട്ടുകാർക്ക് വിഷുക്കൈനീട്ടം നൽകും. വിഷുപ്പൂരങ്ങളിലും പങ്കെടുക്കും.

ആലത്തൂർ സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസു താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് കൈനീട്ടം നൽകുകയെന്ന പ്രത്യാശ പങ്കുവച്ചു. ജൂൺ നാലിന് തിരഞ്ഞെടുപ്പ് വിജയമായിരിക്കുമെന്നും തന്റെ കൈനീട്ടം.

കണ്ണൂർ എൻ.ഡി. എ സ്ഥാനാർത്ഥി സി.രഘുനാഥിന്റെ വിഷു പാർട്ടി പ്രവർത്തകർക്കൊപ്പമാണ്. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിരുവമ്പാടി ദർശനത്തിന് ശേഷം വിഷുക്കൈനീട്ടം നടയിൽ സമർപ്പിക്കും. വീട്ടിലെത്തുന്നവർക്ക് കൈനീട്ടം നൽകും. വീട്ടിൽ വിഷുക്കണിയൊരുക്കും.

പാലക്കാട്ടെ സി.കൃഷ്ണകുമാർ കൊപ്പത്തെ വീട്ടിൽ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കും. തിരഞ്ഞെടുപ്പ് പര്യടനങ്ങളെല്ലാം ഒഴിവാക്കി.