ട്രെയിനിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

Sunday 14 April 2024 1:52 AM IST
മലമ്പുഴ കൊട്ടേക്കാട് ട്രെയിനിടിച്ച് പരക്കേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞ നിലയിൽ.

പാലക്കാട്: മലമ്പുഴ കൊട്ടേക്കാട് ട്രെയിനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ഇന്നലെ വൈകിട്ട് അഞ്ചോടെ ചരിഞ്ഞു. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ റെയിൽവേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനയ്ക്ക് പരിക്കേറ്റത്. വലതുവശത്തെ പിൻകാലുകൾക്ക് പൂർണമായി ചലനശേഷി നഷ്ടപ്പെട്ട് എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കാടിനുള്ളിലെ താത്ക്കാലിക കേന്ദ്രത്തിൽ സംരക്ഷിച്ച് മരുന്നുകളും മറ്റുചികിത്സകളും നൽകിയെങ്കിലും രക്ഷിക്കാനായില്ല. 25 വയസ് പ്രായം വരും. രാത്രിയിൽ കുടിവെളളം തേടി ജനവാസമേഖലയിൽ ഇറങ്ങിയ ആനക്കൂട്ടം പുലർച്ചെ റെയിൽ പാളം കടന്നു വനത്തിലേക്കു പോവുമ്പോഴാണ് പിന്നിലായിരുന്ന പിടിയാനയെ ട്രെയിൻ ഇടിച്ചത്.
കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നു. മുന്നറിയിപ്പുള്ളതിനാൽ ചരക്ക് ട്രെയിൻ വേഗം കുറച്ചെന്നാണ് പ്രാഥമിക വിവരം. അതേസമയം നേരിട്ട് ഇടിയേറ്റതിന്റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ട്രെയിൻ വന്ന സമയത്ത് വേഗത്തിൽ ഓടിവീണ് പരിക്കേറ്റതാകാമെന്നാണ് വനം വകുപ്പ് വെറ്ററിനറി സർജൻ പരിശോധനയിൽ കണ്ടെത്തിയത്.

Advertisement
Advertisement