കെ.വി.രാമകൃഷ്ണൻ നിര്യാതനായി
പാലക്കാട്: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.വി.രാമകൃഷ്ണൻ (74) നിര്യാതനായി. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 6.30നായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന രാമകൃഷ്ണനെ ആരോഗ്യം വഷളായതോടെ ഒരാഴ്ചമുമ്പ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുദിവസം പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
2009 മുതൽ 2021 വരെ കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പഴയ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി താലൂക്ക് കുമരനെല്ലൂരിൽ കുണ്ടുകുളങ്ങര വളപ്പിൽ രാമന്റെയും അമ്മുവിന്റെയും പതിനൊന്ന് മക്കളിൽ എട്ടാമനായി 1950 ഏപ്രിൽ എട്ടിന് ജനനം. 1969ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗമായി. 1972 മുതൽ 79 വരെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി, 1980ൽ പാലക്കാട് ഏരിയ കമ്മിറ്റി അംഗം, 1981ൽ അട്ടപ്പാടി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ ഒമ്പതേകാലോടെ കണ്ണാടി പാത്തിക്കൽ കണ്ണമ്പരിയാരം കുണ്ടുകുളങ്ങര വളപ്പിൽ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. പകൽ 3.30 മുതൽ വൈകിട്ട് ആറുവരെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: എം.കെ.ചന്ദ്രികാദേവി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: കെ.വി.രാഖിൻ (അസോസിയേറ്റ് പ്രൊഫസർ, ഹരിയാന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ), കെ.വി.രഥിൻ (പാലക്കാട് അർബൻ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ജെ.ജഷീന, ബി.ബിന്ദു.