സത്യന്റെ മരണം: പുനരന്വേഷണത്തിന് പരാതി നൽകി കോൺഗ്രസ്

Sunday 14 April 2024 12:30 AM IST

# ഒത്തുതീർപ്പിന് സി.പി.എം ശ്രമം

ആലപ്പുഴ: ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ച് നടപ്പാക്കിയതാണെന്ന സി.പി.എം ജില്ലാപഞ്ചായത്തംഗം ബിബിൻ സി.ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാകമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദാണ് പരാതി നൽകിയത്. ബിപിന്റെ വിശദമായ മൊഴി എടുക്കണമെന്നും യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നുമാണ് ആവശ്യം. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിൻ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലായിരുന്നു വിവാദ പരാമർശം. മുൻ ആർ.എസ്.എസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി നേതാവുമായ സത്യൻ 2001ലാണ് കായംകുളത്തെ കരീലക്കുളങ്ങരയിൽ കൊല്ലപ്പെട്ടത്. കേസിലെ 7പ്രതികളെയും തെളിവില്ലെന്ന് കണ്ടെത്തി കോടതി 2006ൽ വെറുതെ വിട്ടിരുന്നു. എന്നാൽ, സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന ബിപിന്റെ വെളിപ്പെടുത്തലോടെ സത്യന്റെ മരണം വീണ്ടും ചൂടേറിയ ചർച്ചയായി.

അതേസമയം,​ ആദ്യം നിഷേധിച്ച സി.പി.എം ജില്ലാനേതൃത്വം തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ഗുരു‌തരമായ ആരോപണം പാർട്ടിയെ പ്രതികബലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ബിപിനെയും മാതാവും പാർട്ടി ഏരിയാകമ്മിറ്റിയംഗവുമായ പ്രസന്നകുമാരിയെയും അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് നേതാക്കളെ ചുമതലപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശാനുസരണം ബിപിനെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ,​ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സത്യന്റെ ഭാര്യ ശകുന്തള.