ബംഗാളികൾ കൂട്ടത്തോടെ കേരളം വിടുന്നു, തൊഴിലിടങ്ങൾ പ്രതിസന്ധിയിൽ

Sunday 14 April 2024 12:57 AM IST

തൊടുപുഴ: കടുത്ത വേനൽചൂടും ബക്രീദും തിരഞ്ഞെടുപ്പും പ്രമാണിച്ച് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് പോകുമ്പോൾ ജില്ലയിലെ തോട്ടംമേഖലയടക്കമുള്ള വിവിധ തൊഴിലിടങ്ങൾ പ്രതിസന്ധിയിൽ. തേയില- ഏലം തോട്ടങ്ങൾ, പൈനാപ്പിൾ കൃഷി, ചെറുകിട കമ്പനികൾ, കെട്ടിട നിർമ്മാണ മേഖല, ഹോട്ടൽ, റസ്റ്റോന്റുകൾ എന്നിവിടങ്ങളിൽ ആവശ്യത്തിന് ആളെ കിട്ടാത്ത അവസ്ഥയുണ്ട്.

അസം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പോകുന്നതിലധികവും. വോട്ട് ചെയ്യാനെത്തണമെന്ന് മുന്നണികൾ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഇവർ നാട്ടിലേയ്ക്ക് പോകുന്നത്. വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേരൊഴിവാക്കുമെന്ന് ഭീഷണിയുണ്ട്. ചില മുന്നണികൾ ട്രെയിൻ ടിക്കറ്റടക്കമെടുത്ത് നൽകുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ എല്ലാം തന്നെ ബൾക്ക് ടിക്കറ്റ് ബുക്കിംഗും വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുണ്ട്.

വെട്ടിലായി പൈനാപ്പിൾ കർഷകർ

ഇവരുടെ പോക്ക് കൂടുതൽ ബാധിക്കുന്നത് പൈനാപ്പിൾ കർഷകരെയാണ്. പതിനായിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ പൈനാപ്പിൾ കൃഷി രംഗത്ത് ജോലി ചെയ്യുന്നത്. തോട്ടംമേഖലയിലും പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയ്യായിരത്തിലേറെ പേർ മടങ്ങി പോയിട്ടുണ്ട്.


നെൽകൃഷിക്ക് ബംഗാളികൾ

വർഷങ്ങളായി നെൽകർഷകർ നിലമൊരുക്കാനും ഞാറ് നടീലിനുമൊക്കെ ആശ്രയിക്കുന്നത് പശ്ചിമബംഗാൾ സ്വദേശികളെയാണ്. ഒരേക്കർ വയലിൽ ഞാറ് പറിച്ചുനടുന്നതിന് അന്യ തൊഴിലാളികൾക്ക് 5000- 5500 രൂപ മാത്രമേ കൂലിയുള്ളൂ. ചെറിയ സംഘങ്ങളായെത്തുന്ന ഇവർ മൂന്നോ നാലോ മണിക്കൂറുകൊണ്ട് പണി തീർത്തുപോകും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കിൽ 18 മുതൽ 22 പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ഈ ജോലി തീർക്കുകയെന്ന് കർഷകർ പറയുന്നു. ഒരാൾക്ക് 400- 450 രൂപ കൂലിയും ചെലവും നൽകണം.

Advertisement
Advertisement