മോദിയോട് സാദൃശ്യം, രാമക്ഷേത്രം കാണാൻ പോയപ്പോൾ ആളുകൾ വളഞ്ഞു; രാമചന്ദ്രനോട് അവർ രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടു

Sunday 14 April 2024 1:31 PM IST

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രൂപ സാദൃശ്യമുള്ള മാത്തിൽ പാടാച്ചേരി കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രന് ( 71) രാജ്യമെമ്പാടും നിന്ന് ഫോൺ കോളുകൾ എത്തുന്നുണ്ട്. ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്നാണ് ചോദ്യം. ഇല്ല എന്നാണ് മറുപടി.

മോദിയെ ആരാധിക്കുന്ന രാമചന്ദ്രന് ഈ രൂപ സാദൃശ്യം ദുരുപയോഗിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. അതാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നിനും താനില്ലെന്ന് ഉറപ്പിച്ചുപറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി യാത്ര പോലും പോകൂ.

അയോദ്ധ്യയിലെ രാമക്ഷേത്രം കാണാൻ പോയ രാമചന്ദ്രനെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ മോദി ആരാധകർ വളഞ്ഞു. താൻ മലയാളിയായ രാമചന്ദ്രൻ ആണെന്ന് പറഞ്ഞിട്ടും രക്ഷയില്ല. എല്ലാവർക്കും സെൽഫിയെടുക്കണം. കാൽവന്ദിക്കണം. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടിയും സെൽഫിയെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വിളിക്കുന്നത്. കേരളത്തിലെ ബി.ജെ.പി നേതാക്കളാരും വിളിച്ചിട്ടില്ല. കോമഡി ഷോകളിലേക്ക് ചാനലുകളും ബന്ധപ്പെട്ടിരുന്നു. നോട്ട് നിരോധനം പ്രമേയമാക്കിയ എയ്റ്റ് ഇലവൻ സ്‌റ്റേറ്റ്‌മെന്റ് എന്ന കന്നഡ സിനിമയിൽ പ്രധാനമന്ത്രിയായി അഭിനയിച്ചു.

വൈറലാക്കിയ പയ്യന്നൂർ ചിത്രം.


പയ്യന്നൂർ റെയിൽവെ സ്‌റ്റേഷനിൽ നിൽക്കുമ്പോൾ ആരോ പകർത്തിയ ചിത്രമാണ് രാമചന്ദ്രനെ വൈറൽ ആക്കിയത്. പൊതു ജീവിതത്തിൽ ഇത്തരം തമാശകളൊക്കെ അനിവാര്യമാണെന്ന് ചിത്രം പങ്കുവെച്ച നരേന്ദ്ര മോദിയുടെ ട്വീറ്റും പിറകെ വന്നു.

മുംബയിലും വിദേശത്തുമായി 40 വർഷം ജോലി ചെയ്ത രാമചന്ദ്രൻ എട്ടുവർഷം മുൻപാണ് നാട്ടിൽ വന്നത്. ഭാര്യ ഓമനയും ഐ.ടി ജോലിക്കാരായ മക്കൾ രാജീവും രാജേഷും ബംഗളുരുവിലാണ് താമസം. രാമചന്ദ്രൻ നാട്ടിലും ബംഗളുരുവിലുമായി മാറിമാറി താമസിക്കുകയാണ്.

രാജസ്ഥാനിൽ പൊലീസ് അകമ്പടി

മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ സഹോദരനെ കാണാനെത്തിയ രാമചന്ദ്രനെ ആളുകൾ വളയാറുണ്ടായിരുന്നു. രാജസ്ഥാനിൽ പോയപ്പോൾ പൊലീസ് അകമ്പടി വേണ്ടി വന്നു. മോദിയുടേതു പോലുള്ള വസ്ത്രങ്ങളും കണ്ണടയുമുണ്ട്. മോദി താടി നിട്ടിയപ്പോൾ രാമചന്ദ്രനും നീട്ടി.

മോദിക്ക് കിട്ടുന്ന ആരാധനയുടെ പങ്ക് തനിക്കും കിട്ടുന്നത് സന്തോഷകരം. മോദിയെ കാണാൻ ആഗ്രഹമുണ്ട്. --രാമചന്ദ്രൻ