രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിനിറങ്ങി നടി ശോഭന, പ്രധാനമന്ത്രിയുടെ പരിപാടിയിലും പങ്കെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് നടി ശോഭന. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയ ശോഭന ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ്‌ഷോയിലും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കുമെന്നാണ് വിവരം. തൃശൂരിൽ സ്‌ത്രീ ശക്തി പരിപാടിയിലും പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ താരമുണ്ടായിരുന്നു.ശോഭന ബിജെപിയിൽ ചേരുമെന്ന് നേരത്തെ വാർത്ത പ്രചരിച്ചിരുന്നു.
രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അതേസമയം 'ഞാൻ ആദ്യം മലയാളം സംസാരിക്കാനും പ്രസംഗിക്കാനും നന്നായൊന്നു പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്' എന്നായിരുന്നു ചിരിച്ചുകൊണ്ട് ശോഭന മറുപടി നൽകിയത്.
ഇതിനിടെ സ്‌ത്രീകൾക്കും ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും വലിയ വാഗ്ദാനങ്ങളുമായി ഇന്ന് ബിജെപി അവരുടെ പത്രിക പുറത്തിറക്കിയിരുന്നു. അഴിമതിക്കാർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കും, മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കും, വനിതാ സംവരണ നിയമം പ്രാബല്യത്തിൽ കൊണ്ടുവരും, രാജ്യത്ത് ഇന്ധനവില കുറയ്ക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണ ഉത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും തുടങ്ങി ഒരുപിടി വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.