ഇടുക്കി കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം,​ യുവാവിന്റെ കൈ അറ്റു

Monday 15 April 2024 7:10 AM IST

ഇടുക്കി: കുമളി ഹോളിഡേ ഹോമിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടത്തിൽ പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമാണ്. അപകടത്തിൽ സന്തോഷിന്റെ കൈ അറ്റുപോയി. അതേസമയം ഇടുക്കിയിൽ കഴിഞ്ഞ ദിവസങ്ങളിലും വാഹനാപകടങ്ങൾ റിപ്പോ‌ർട്ട് ചെയ്‌തിരുന്നു. മാങ്കുളം-ആനക്കുളം റോഡിൽ പേമരം വളവിലാണ് വാഹനാപകടമുണ്ടായത്.

വൈകിട്ട് ആറ് മണിയോടെ വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ദിവസങ്ങൾക്ക് മുമ്പ് നാല് പേരുടെ മരണത്തിനിടയാക്കിയ ട്രാവലർ അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലനാരിഴയ്ക്കാണ് കൊക്കയിൽ പതിക്കാതെ രക്ഷപ്പെട്ടത്. വാഹനം താഴേക്ക് പതിച്ചിരുന്നെങ്കിൽ വീണ്ടും സമാന രീതിയിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. കൊക്കയുടെ എതിർ വശത്തേക്ക് വെട്ടിച്ചതിനാലാണ് വാഹനം കൊക്കയിലേക്ക് മറിയാതിരുന്നത്.