കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് കെട്ടിയ വടം കഴുത്തിൽ കുരുങ്ങി, സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Monday 15 April 2024 9:25 AM IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടുകൂടിയായിരുന്നു സംഭവം.

റോഡിൽ തലയടിച്ച് വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സന്ദർശനത്തിന് എത്തുന്നതിനെ തുടർന്ന് എസ്എ റോഡിൽ നിന്ന് എം ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും മനോജ് നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലും ആലത്തൂരിലും നടക്കുന്ന പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് രാവിലെ ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിന് ശേഷം മോദി ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലെ പരിപാടിയിൽ പങ്കെടുക്കും.