കൊച്ചിയിൽ മണിമാളിക പോലുള്ള രണ്ട് വീടുകൾ അച്ചപ്പൻ ചേട്ടൻ ഉണ്ടാക്കിയത് ചായ അടിച്ച്

Monday 15 April 2024 11:02 AM IST

കൊച്ചി: ടാർപ്പോളിൻ പൊതിഞ്ഞ ഈ ചായത്തട്ടിലെ ഏഴ് പതിറ്റാണ്ട് നീണ്ട അദ്ധ്വാനമാണ് അച്ചപ്പനെ (78)​ ജീവിതത്തിൽ കരകയറ്റിയത്. കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ക്ഷേത്രത്തിനു സമീപത്തെ ഇരുനില വീടിനോടു ചേർന്ന ഇടിഞ്ഞുവീഴാറായ ചായത്തട്ടിൽ എന്നുമെത്തും.

അച്ചപ്പൻ എന്ന അഗസ്റ്റിൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവിനെ സഹായിക്കാൻ ചായക്കടയിലെത്തിയത്. പത്താം വയസിൽ കട ഏറ്റെടുത്തു. ഷർട്ടിടാതെ മുണ്ട് മുറുക്കിയുടുത്ത് പണിയെടുത്ത് നേടിയ ജീവിതവിജയം. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുമ്പോഴും ചായത്തട്ടുപേക്ഷിക്കാൻ അച്ചപ്പൻ തയ്യാറല്ല, ഷർട്ടിടാനും. അഗസ്റ്റിനും ഭാര്യ മേരിയും മൂന്ന് മക്കളും വർഷങ്ങളോളം ചായത്തട്ടിലാണ് താമസിച്ചത്. മക്കളായ ഷീജ, ഷീജൻ, നിക്‌സൺ എന്നിവരായിരുന്നു സഹായികൾ. നാണയത്തുട്ടുകൾ കൂട്ടിവച്ച് മേരിയും അച്ചപ്പനും സ്വപ്നങ്ങളിലേക്ക് നടന്നുകയറി.

ഷീജ വീട്ടമ്മയാണ്. രണ്ടാമൻ ഷീജൻ ബാങ്കുകളുടെ കളക്‌ഷൻ ഏജൻസി ഉടമയാണ്. നിക്‌സൺ ഒമാൻ നേവിയിലും. അച്ചപ്പനൊപ്പം മക്കളുടെ അദ്ധ്വാനവും ചേർന്നപ്പോൾ ചായക്കടയ്ക്ക് സമീപം രണ്ട് മണിമാളികകൾ ഉയർന്നു. 'പഴേരിക്കൽ' എന്ന വലിയ വീടിനു സമീപം ഇളയമകന് നൽകിയ സ്ഥലമാണ് 1988ൽ അച്ചപ്പൻ ആദ്യം വാങ്ങിയത്. ആ മൂന്ന് സെന്റിലാണ് ആദ്യ വീട് പണിതതും. പിന്നീട് അതിനോടു ചേർന്ന് മറ്റൊരു വീടും നിർമ്മിച്ചു.

പുലർച്ചെ മുതൽ തിരക്ക്

മുമ്പ് പുലർച്ചെ നാലരയാകുമ്പോഴേ കടയിൽ തിരക്ക് തുടങ്ങുമായിരുന്നു. ഇപ്പോൾ ആറിനാണ് തുറക്കുന്നത്. അപ്പോഴേക്കും അച്ചപ്പനെ കാത്ത് ആളുകൾ എത്തിയിട്ടുണ്ടാകും. രാവിലെ പുട്ടും വെള്ളയപ്പവും. ഇറച്ചിയും കടലയും മുട്ടയും കിഴങ്ങുമൊക്കെയാണ് കറികൾ. ഉച്ചയൂണില്ല. വൈകിട്ട് പഴംപൊരി, വട, സവാള ബജി എന്നിവ. കൂനിനടന്നെത്തുന്ന അച്ചപ്പന്റെ കറങ്ങിയടിച്ചുള്ള ചായയടി സ്റ്റൈൽ പേരുകേട്ടതാണ്. ആളുകൾ കൗതുകത്തോടെ അത് നോക്കിനിൽക്കും. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് നിത്യ സന്ദർശകനായിരുന്നു.

അന്ന് കഷ്ടപ്പെട്ടെങ്കിലും ഇത്രയുമൊക്കെ ജീവി​തത്തി​ൽ നേടാനായതിൽ ഏറെ സന്തോഷം. അച്ചപ്പൻ