അടുത്ത അഞ്ച് ദിവസങ്ങൾ ഇവിടെയുളളവർക്ക് നിർണായകം, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Monday 15 April 2024 3:47 PM IST

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ മദ്ധ്യ–തെക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുളളത്. അതേസമയം, വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 18നും 19നും കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയും പ്രവചിച്ചിട്ടുണ്ട്. വരുന്ന 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേരിയ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. പാലക്കാട്, തൃശൂർ, കൊല്ലം എന്നീ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. 12 ജില്ലകളിൽ ഉയർന്ന താപനിലയ്ക്കുള്ള യെല്ലോ അലർട്ട് മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement