'ഇനി ഇങ്ങനെ ചെയ്യരുത്'; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

Monday 15 April 2024 6:50 PM IST

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവർത്തി ഉപയോഗിക്കുന്നത് (ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.

'പലയിടങ്ങളിലും വേനൽമഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയിൽ നിന്നും രക്ഷപ്പെടാൻ ഇരുചക്രവാഹന യാത്രക്കാർ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങളും റോഡിൽ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവർത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം ഞങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്',​ - എംവിഡി കുറിച്ചു.

കൂടാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എംവിഡി വിശദീകരിക്കുന്നുണ്ട്. ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണെന്നും മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഇരുചക്രവാഹനഡ്രൈവിംഗ് എന്നും എംവിഡി വ്യക്തമാക്കി.

'ഇരുചക്രവാഹനയാത്രയിലെ മറ്റൊരു അനിശ്ചിതത്വമാണ് വാഹനത്തിന് മുകളിൽ നമ്മെ എങ്ങിനെ ഇരുത്തണം എന്നത്. നമ്മുടെ ശരീരത്തെ, സീറ്റിന് മുകളിൽ ശരിയായ രീതിയിൽ യഥാസ്ഥാനത്ത് യഥാവിധി ‘പ്രതിഷ്ഠിക്കേ’ണ്ടത് ഇരുചക്രവാഹനസുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്.

സ്വകാര്യാവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവർത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്', എംവിഡി കുറിച്ചു.