നെയ് വിളക്കിൻ പൊൻപ്രഭയിൽ ശബരീശ സന്നിധിയിൽ വിഷുക്കണി ദർശനം

Tuesday 16 April 2024 4:32 AM IST

ശബരിമല: ശബരീശ സന്നിധിയിലെ വിഷുക്കണി ദർശനം ഭക്തർക്ക് സുകൃതമായി. വിഷുദിനത്തിൽ ദർശനത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. 13ന് രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയിരുന്നു. 14ന് പുലർച്ചെ 3.30ന് ഭഗവാനെ പളളിയുണർത്തി. 4ന് നട തുറന്ന് തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിയും ശ്രീകോവിലിൽ കയറി നടയടച്ചു. ശ്രീലകത്ത് ദീപം തെളിച്ചശേഷം ഭഗവാനെ ആദ്യം കണികാണിച്ചു. നടതുറന്ന് തീർത്ഥാടകർക്ക് കണിദർശനം നൽകി.

ശബരീശന് മുന്നിൽ നെയ് വിളക്ക് തെളിച്ച് വാൽക്കണ്ണാടിയും കസവുനേരിയതും കാർഷികവിളകളും പഴവർഗങ്ങളും കൊന്നപ്പൂക്കളും തട്ടുതട്ടായി ഒരുക്കിവച്ചിരുന്നു. രാവിലെ 7 വരെ വിഷുക്കണി ദർശനം തുടർന്നു.

തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. മഹാഗണപതി ഹോമവും നെയ്യഭിഷേകവും ഉണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ദേവസ്വം ചീഫ് എൻജിനിയർ അജിത്ത് കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ് എന്നിവരും ദർശനം നടത്തി. വിഷു,മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി നട അടയ്ക്കും.