ഗുരുദേവ ആദർശങ്ങൾ കേന്ദ്ര സർക്കാരിന് മാർഗ്ഗദർശി:മോദി

Tuesday 16 April 2024 12:48 AM IST

കുന്നംകുളം: ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളിലാണ് കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു..അതുകൊണ്ടാണ് പാവങ്ങളുടെയും, ലോകത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നത്. വടക്കുന്നാഥന്റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നം, തൃപ്രയാർ ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയാണെന്നും മലയാളത്തിൽ പ്രസംഗം ആരംഭിച്ച മോദി പറഞ്ഞു.
രാവിലെ 11.15ഓടെയാണ് കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് മോദിയെത്തിയത്. എറണാകുളത്ത് നിന്നും രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയ ശേഷം റോഡു മാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. ജനങ്ങളെ അഭിവാദ്യം ചെയ്താണ് വാഹന വ്യൂഹം നീങ്ങിയത്. ആലത്തൂരിലെ ഡോ.ടി.എൻ.സരസു, തൃശൂരിലെ സുരേഷ് ഗോപി, പൊന്നാനിയിലെ നിവേദിത സുബ്രഹ്മണ്യൻ, മലപ്പുറത്തെ ഡോ.അബ്ദുൽ സലാം, ചാലക്കുടിയിലെ കെ.എ.ഉണ്ണികൃഷ്ണൻ എന്നീ എൻ.ഡി.എ സ്ഥാനാർത്ഥികളും പത്മജ വേണുഗോപാൽ, നടൻ ദേവൻ എന്നിവരും വേദിയിലുണ്ടായിരുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, എം.എസ്.സമ്പൂർണ്ണ, അനീഷ് ഇയ്യാൽ എന്നിവർ ഉപഹാരങ്ങൾ നൽകി . സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിന്റെ മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

Advertisement
Advertisement