പ്രതിപക്ഷമില്ലാത്ത ജനാധിപത്യം മോദി സർക്കാരിന്റെ ലക്ഷ്യം: കാരാട്ട്

Tuesday 16 April 2024 12:59 AM IST

തിരുവനന്തപുരം: പ്രതിപക്ഷമില്ലാത്ത ജാനാധിപത്യമെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് തുടർച്ചയായി നടത്തുന്നത്. ഇ.ഡി, ഇൻകംടാക്സ് അടക്കമുള്ള കേന്ദ്രഏജൻസികളെ ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിൽ കിടക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമാണെന്നും. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ കാരാട്ട് പറഞ്ഞു.

ഏത് സാമ്പത്തിക കേസ് വന്നാലും ഇ ,ഡി കടന്നുവരുന്നത് നിയമവിരുദ്ധമാണ്. സി.ബി.ഐ വരേണ്ട കേസുകളിൽ പോലും ഇ.ഡിയാണ് വരുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നത്. വർഗ്ഗീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യം. അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇത് വ്യക്തമാണ്. ജനകീയ വിഷയങ്ങളല്ല, മറിച്ച് മതവും വിശ്വാസവുമാണ് പ്രചാരണത്തിൽ ഉയർത്തുന്നത്.

ഈ ഘട്ടത്തിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ മതേതര പാർട്ടികളുടെ യോജിപ്പ് അനിവാര്യമാണ്. . ഇടതുപക്ഷത്തിന്റെ ശക്തി വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് കൊണ്ട് സി.പി.എമ്മന് ദേശീയ പാർട്ടി പദവി നഷ്ടമാവില്ല. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഉണ്ടെങ്കിൽ ദേശീയ പാർട്ടി പദവി നിലനിൽക്കും. സംസ്ഥാനത്ത് പി.ഡി.പി - എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് സഖ്യമില്ല. എസ്.ഡി.പി.ഐ എന്നത് പി.എഫ്.ഐ യുടെ രാഷ്ട്രീയ സംഘടനയാണ്. അതിനാലാണ് യു.ഡി.എഫ്-എസ്.ഡി.പി.ഐ സഹകരണത്തെ വിമർശിച്ചത്.താൻ കോൺഗ്രസിന്റെ വിമർശകനല്ല, നന്മ ആഗ്രഹിക്കുന്ന ആളാണ്. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷി കോൺഗ്രസാണെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ബി.ജെ.പിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയണമെന്നും കാരാട്ട് വ്യക്തമാക്കി.

Advertisement
Advertisement