കേരളത്തിലെ നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇപ്പോള്‍ ഭീഷണി; ലക്ഷ്യമിടുന്നത് പണം മാത്രം

Tuesday 16 April 2024 12:11 AM IST

ആറ്റിങ്ങല്‍/കിളിമാനൂര്‍: ടിപ്പറുകളുടെ മരണപ്പാച്ചില്‍ കാരണം റോഡിലൂടെ നടക്കാന്‍ പോലും പറ്റാതെ പൊതുജനം. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തിരികെയെത്തുമോ എന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥ. ഭയംമൂലം പ്രഭാത സവാരിക്കാര്‍ റോഡിലെ നടത്തം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിന് വേഗനിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് പോക്ക്. വലിയ ഹോണ്‍ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നല്‍കിയില്ലെങ്കില്‍ അപകടമുറപ്പാണ്.

ടിപ്പര്‍ ലോറിയിടിച്ച് സംസ്ഥാനത്ത് ഒരുമാസത്തിനിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതര്‍ പരിശോധന കാര്യക്ഷമമാക്കിയിട്ടില്ല. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകള്‍ഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നിരിക്കെ പലരും പാലിക്കാറില്ല. അമിതഭാരം കയറ്റിയുള്ള ഓട്ടംമൂലം പല റോഡുകളും തകര്‍ന്ന നിലയിലാണ്.

ട്രിപ്പ് കൂട്ടാന്‍ മരണപ്പാച്ചില്‍

പാറമടകളിലും മെറ്റല്‍ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികള്‍ ചീറിപ്പായുന്നത്. കൂടുതല്‍ ട്രിപ്പടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കും. അവധി ദിവസങ്ങളുടെ മറവില്‍ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയില്‍ സജീവമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്ന ലോറികള്‍ അധികൃതരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഗ്രാമീണ റോഡുകളിലൂടെയാണ് കൂടുതലായും പോകുന്നത്. ടോറസിലെ അമിതഭാരവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള യാത്രയും അപകടം ക്ഷണിച്ചുവരുത്തുന്ന അവസ്ഥയാണ്.

റോഡുകളും തകര്‍ന്നു

വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ പാറ ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ ഗ്രാമീണ മേഖലയില്‍ പാറ ഖനനം ആരംഭിച്ചത്. പകല്‍ സമയങ്ങളില്‍ പാറ കയറ്റിയ കൂറ്റന്‍ വാഹനങ്ങള്‍ നാട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ചെറു വാഹങ്ങള്‍ക്കും ഭീഷണിയായതോടെ പാറയുമായുള്ള വാഹനങ്ങളുടെ യാത്ര രാത്രികാലങ്ങളിലായി. അമിതലോഡും വഹിച്ചു കൊണ്ടുള്ള യാത്ര ഇടറോഡുകളെയും പ്രധാന റോഡുകളെയും തകര്‍ത്തു. ലോറിയില്‍ കയറ്റാവുന്നതില്‍ കൂടുതല്‍ പാറ കയറ്റിയതാണ് റോഡുതകരാന്‍ പ്രധാന കാരണം. എന്നാല്‍ ഈ വാദം നിര്‍മ്മാണ കമ്പനി നിക്ഷേധിച്ചു.