 വയനാട്ടിലെ റോ‌ഡ് ഷോയിൽ രാഹുൽ:..... 'മലയാളം ഒരു സംസ്‌കാരം"

Wednesday 17 April 2024 12:12 AM IST

കൽപ്പറ്റ: മലയാളം ഭാഷ മാത്രമല്ലെന്നും സംസ്‌കാരം കൂടിയാണെന്നും കോൺഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ അസംഷൻ ജംഗ്ഷൻ മുതൽ കോട്ടക്കുന്ന് വരെ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ് എന്ന ആർ.എസ്.എസ് നയം നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

നോമിനേഷൻ നൽകിയ ശേഷം രണ്ടാം തവണയാണ് രാഹുൽ വയനാട്ടിലെത്തിയത്.

ഇന്നലെ രാവിലെ 10.10നാണ് കേരള-തമിഴ്നാട് അതിർത്തിഗ്രാമമായ താളൂരിലെത്തിയത്. നീലഗിരിയിലെ ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയായ ഡി.എം.കെയിലെ എ. രാജയുടെ പ്രചാരണത്തിനാണ് രാഹുലെത്തിയത്. സി.പി.എമ്മും സി.പി.ഐയുമെല്ലാം ഇവിടെ ഘടക കക്ഷികൾ.

നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ തമിഴ്നാട് പൊലീസിന്റെ നിയന്ത്രണത്തിലുള്ള താത്കാലിക ഹെലിപ്പാടിൽ കണ്ണൂർ എയർപോർട്ടിൽ നിന്നെത്തിയ രാഹുലിന്റെ ഹെലികോപ്ടറിറങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. തമിഴ്നാട്ടിലെയും വയനാട്ടിലെയും കോൺഗ്രസ് നേതാക്കൾ രാഹുലിനെ ഹാരാർപ്പണം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണണൻ എം.എൽ.എ, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ രാഹുലിനെ വരവേറ്റു.

കോളേജിന്റെ ഹാപ്പിനസ് ഗാർഡനിൽ കാത്തു നിന്ന് ആയിരത്തിലേറെ കുട്ടികൾക്കിടയിലേക്ക് രാഹുലെത്തി. ഹസ്തദാനത്തിനായി പെൺകുട്ടികളടക്കം മത്സരിച്ചു. തുടർന്ന് സെൽഫി. തുടർന്ന് താളൂർ സെന്റ് മേരീസ് പള്ളി ഹാളിലെത്തി തേയില കർഷകരുമായി സംവാദം.

 വയനാടിനായി മാനന്തവാടി ബിഷപ്പിന്റെ നിവേദനം

500 മീറ്റർ അപ്പുറമുള്ള കേരള അതിർത്തിയിലെത്തിയപ്പോൾ രാഹുലിനെ കാണാൻ നൂറ് കണക്കിന് ആളുകളെത്തി. സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയിൽ റോഡിന് ഇരുവശവും വൻജനാവലിയാണ് രാഹുലിനെ കാത്തു നിന്നത്. അസംഷൻ ജംഗ്ഷൻ മുതൽ കോട്ടക്കുന്ന് വരെ റോഡ് ഷോയിൽ പങ്കെടുത്തു. കോട്ടക്കുന്ന് മൈസൂർ റോഡ് ജംഗ്ഷൻ, പുൽപ്പള്ളിയിലേക്ക് പോയി.അവിടെ നിന്ന് മാനന്തവാടിയിലേക്ക്. തുടർന്ന് പുനഃപ്രതിഷ്ഠ നടക്കുന്ന മാനന്തവാടി അമലോത്ഭവ മാതാ തീർത്ഥാടന കേന്ദ്രത്തിലും രാഹുലെത്തി. ശേഷം മാനന്തവാടി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ചു. കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ, മാനന്തവാടി രൂപതാ സഹായ മെത്രാൻ ഡോ. അലക്സ് താരാമംഗലം എന്നിവരും ബിഷപ്പ് ഹൗസിലുണ്ടായിരുന്നു. വയനാട്ടിലെ പ്രശ്നങ്ങളടങ്ങിയ മൂന്ന് പേജുള്ള നിവേദനം ബിഷപ്പ് രാഹുലിന് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രാഹുലിനൊപ്പമുണ്ടായിരുന്നു. റോഡ് ഷോയിൽ പാർട്ടിക്കൊടികൾക്ക് പകരം ബലൂണുകൾ മാത്രമാണുണ്ടായിരുന്നത്.