40 ലക്ഷം മുടക്കി സര്‍ക്കാര്‍ പണിയിച്ച കെട്ടിടം, ഇപ്പോള്‍ അനാശസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം

Tuesday 16 April 2024 12:36 AM IST

തിരുവല്ല: കൊട്ടിഘോഷിച്ച് നഗരസഭ ആരംഭിച്ച ഷീ ലോഡ്ജ് നിര്‍മ്മിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തിട്ടില്ല. രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഷീ ലോഡ്ജില്‍ വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് സാധിക്കാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. 2022 ഏപ്രില്‍ 30ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് ഉദ്ഘാടനം ചെയ്തത്. 40 ലക്ഷം രൂപ ചെലവാക്കി ഒന്നാം ഘട്ടമാണ് പൂര്‍ത്തിയാക്കിയത്.

അടുത്ത ഘട്ടത്തില്‍ 40 ലക്ഷം രൂപ കൂടി മുടക്കി രണ്ടാമത്തെ നില പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. പൂര്‍ത്തിയായ കെട്ടിടത്തില്‍ ഒരു മുറി, 4 പേര്‍ക്ക് വീതം താമസിക്കാവുന്ന 2 ഡോര്‍മിറ്ററി, അടുക്കള, ഡൈനിംഗ് ഹാള്‍, ഓഫീസ് മുറി, പൊതുടോയ്‌ലെറ്റ് , വരാന്ത, ചുറ്റുമതില്‍ എന്നിവയുണ്ട്. മുറിയും ഡോര്‍മിറ്ററികളും ഓഫീസ് മുറിയും അറ്റാച്ച്ഡ് ആണ്. നഗരസഭാ സ്വാകാര്യ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍. ടി.സി. ബസ് സ്റ്റാന്‍ഡ് എന്നിവയ്ക്ക് സമീപമാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്.

സ്ത്രീകളോടൊപ്പം എത്തുന്ന 12വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും ഷീ ലോഡ്ജില്‍ താമസ സൗകര്യം ലഭിക്കുമെന്നും ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റ് നടത്തുമെന്നും തുടക്കത്തില്‍ നഗരസഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും രണ്ടു വര്‍ഷമായി ഉപയോഗമില്ലാതെ കിടക്കുകയാണ്.


സാമൂഹ്യവിരുദ്ധരുടെ താവളം


വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന വനിതകള്‍ക്ക് അന്തിയുറങ്ങാനും വിശ്രമിക്കാനും ലക്ഷ്യമിട്ട ലോഡ്ജിന്റെ പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളമാക്കി കഴിഞ്ഞു. ലഹരി വില്‍പ്പനക്കാരും ഇവിടെ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ക്ക് ഒളിസങ്കേതമാക്കിയിരിക്കുകയാണ് ലോഡ്ജ്. രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനവും ഇവിടെ നടക്കുന്നതായി പരാതിയുണ്ട്. ലക്ഷങ്ങള്‍ മുടക്കിയ ഈ സംരംഭം പ്രയോജനപ്പെടുത്താന്‍ നഗരസഭയ്ക്ക് ഇതുവരെയായി കഴിയാത്തതില്‍ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

ഷീ ലോഡ്ജില്‍ മറ്റു സൗകര്യങ്ങള്‍ കൂടി ഒരുക്കിയശേഷം തുറന്നു പ്രവര്‍ത്തിക്കും. - ജോസ് പഴയിടം, (നഗരസഭാ വൈസ് ചെയര്‍മാന്‍)