ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് രണ്ട് മലയാളി മിടുക്കികൾ

Tuesday 16 April 2024 1:08 AM IST

മുംബയ് : ബംഗ്ളാദേശ് പര്യടനത്തിലെ അഞ്ച് ട്വന്റി-20കൾക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭന ജോ‌യിയും. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ ആദ്യ കേരള താരമായി ചരിത്രം കുറിച്ച മിന്നുമണിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്നവരാണ് സജനയും ആശയും. ഇക്കഴിഞ്ഞ രണ്ടാം സീസൺ വനിതാപ്രിമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഇരുവരെയും ഒരുമിച്ച് ഇന്ത്യൻ ടീമിലെത്തിച്ചത്. മിന്നുമണിക്ക് ഈ ടീമിൽ ഇടം ലഭിച്ചില്ല.

തിരുവനന്തപുരം നെട്ടയം സ്വദേശിയാണ് 33കാരിയായ ആശ. കേരളത്തിന് വേണ്ടി ഏജ് ഗ്രൂപ്പ് മത്സരങ്ങളിൽ കളിച്ചു തുടങ്ങിയ ആശ റെയിൽവേയ്സിൽ ജോലി ലഭിച്ചതിന് ശേഷം പോണ്ടിച്ചേരിക്ക് വേണ്ടിയാണ് ആഭ്യന്തരക്രിക്കറ്റിൽ കളിക്കുന്നത്. വനിതാ പ്രിമിയർ ലീഗിൽ ആർ.സി.ബിയുടെ താരമായിരുന്നു. ഇപ്പോഴും കേരള ടീമിൽ കളിക്കുന്ന 29കാരിയായ സജന വയനാടുകാരിയാണ്. ബാറ്റിംഗ് ആൾറൗണ്ടറായി മുംബയ് ഇന്ത്യൻസിന് വേണ്ടിയാണ് വനിതാ പ്രിമിയർ ലീഗിൽ കളിച്ചത്.

33-ാം വയസിൽ സഫലമായ ആശ

അവസരങ്ങൾ ഇല്ലാതെ കേരളത്തിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് വണ്ടികയറിയെങ്കിലും ഇന്ത്യൻ ടീമിലേക്ക് എത്തണമെന്ന വാശിയോടെ കളിച്ചതാണ് 32-ാം വയസിൽ ആശ ശോഭനയെ ലക്ഷ്യത്തിലെത്തിച്ചത്. വനിതാ പ്രിമിയർ ലീഗിന്റെ രണ്ടാം സീസൺ അതിന് വഴിയൊരുക്കുകയായിരുന്നു. ആർ.സി.ബിക്ക് വേണ്ടി 10​ ​മ​ത്സ​ര​ങ്ങളിൽ 12​ ​വി​ക്ക​റ്റു​കളാണ് ആകെ നേടിയത്. ആദ്യ മത്സരത്തിൽ 22 റൺസ് വിട്ടുകൊടുത്ത് യു.പി വാരിയേഴ്സിന്റെ അഞ്ചുവിക്കറ്റുകൾ സ്വന്തമാക്കിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള ആശ എന്ന ലെഗ് സ്പിന്നർ ശ്രദ്ധേയയായത്. യു.പി.ക്ക് എതിരായ അടുത്ത മത്സരത്തിൽ രണ്ടുവിക്കറ്റ് വീഴ്ത്താനായി. തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും ഓരോ വിക്കറ്റ് വീതം. മുംബയ് ഇന്ത്യൻസിനെതിരായ എലിമിനേറ്ററിൽ അവസാന ഓവറിൽ പൂജ വസ്ത്രാകറിന്റെ വിക്കറ്റ് എടുക്കുകയും 12 റൺസ് ഡിഫൻഡ് ചെയ്ത് ആർ.സി.ബിക്ക് കന്നി ഫൈനൽ ഉറപ്പിക്കുകയും ചെയ്തത് ആശയുടെ മികച്ച ബൗളിംഗാണ്. ഫൈനലി​ലും ആശയ്ക്ക് രണ്ട് വി​ക്കറ്റുകൾ ലഭി​ച്ചു.

ഓട്ടോ ഡ്രൈവറായ ജോയ്‌യുടെ മകളാണ് 33കാരിയായ ആശ. അച്ഛൻ ജോയി. അമ്മ ശോഭന. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെയാണ് ആശ കളിച്ചുവളർന്നത്. ശ്രീകുമാർ,മെഡി​ക്കൽ കോളേജ് ഗ്രൗണ്ടി​ലെ ബി​ജു ജോർജ് എന്നി​വരുടെ പരി​ശീലനത്തി​ന് കീഴി​ലാണ് കരി​യർ കെട്ടി​പ്പെടുത്തത്. ഇന്ത്യ എ ടീമിലും ബോർഡ് പ്രസിഡന്റ്സ് ഇലവനിലും കളിച്ചിട്ടുണ്ട്.ദീർഘകാലം കേരളത്തിനായി ദേശീയ മത്സരങ്ങളിൽ കളിച്ചിരുന്ന ആശ പിന്നീട് പോണ്ടിച്ചേരിയിലേക്ക് മാറി. റെയിൽവേയിലാണ് ജോലി.

ഒറ്റ ബാളി​ൽ സൂപ്പർ സ്റ്റാറായ സജന

വനിതാ പ്രിമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ അവസാന പന്തിൽ ബാറ്റിംഗിനെത്തി കൂറ്റൻ സിക്സടിച്ച് ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബയ് ഇന്ത്യൻസിന് ത്രില്ലർ ജയം സമ്മാനിച്ച സജന സജീവൻ ആ ഒറ്റപ്പന്തുകൊണ്ടാണ് സൂപ്പർ താരമായി മാറിയത്. ഡൽഹി ഉയർത്തിയ 172റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മുംബയ്ക്ക് ജയിക്കാൻ അവസാന പന്തിൽ വേണ്ടത് 5 റൺസായിരുന്നു.അഞ്ചാം പന്തിൽ ക്യാപ്ടൻ ഹർമ്മൻ പ്രീത് പുറത്തായതിന് പിന്നാലെ അവസാന പന്ത് നേരിടാനെത്തിയത് സജനയായിരുന്നു. ഐ.പി.എല്ലിൽ കന്നി മത്സരത്തിനിറങ്ങിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ഒരു പരി​ഭ്രമവുമില്ലാതെ സ്റ്റെപ്പൗട്ട് ചെയ്ത് ആലീസ് കാപ്സിയെ മിഡ് ഓണിന് മുകളിലൂടെ പറത്തി മുംബയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഫിനിഷർ റോളിൽ കളിച്ചിരുന്ന സജനയെ അവസാന ഘട്ടത്തിൽ ഓപ്പണറായും മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹർമൻദീപ് കൗർ പരീക്ഷിച്ചു. ആർ.സി.ബിക്ക് എതിരെ ഡൽഹിയിൽ വച്ച് 21 പന്തുകളിൽ നേടിയ 30 റൺസാണ് മികച്ച സ്കോർ.

കേരളാ ക്രിക്കറ്റ് ടീമിനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള സജന മാനന്തവാടി സ്വദേശിയാണ്. പിതാവ് സജീവൻ ഓട്ടോ ഡ്രൈവറും മാതാവ് ശാരദാ മാനന്തവാടി നഗരസഭാംഗവുമാണ്. ചെറുപ്പത്തിൽ മകളുടെ ക്രിക്കറ്റ് പ്രേമത്തിന് പിന്തുണ നൽകിയെങ്കിലും അതിനുള്ള ചിലവ് വഹിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് കഴിഞ്ഞില്ല. മാനന്തവാടി ഗവൺമെന്റ് വി.എച്ച്.എസിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റാണ് വഴിയെന്ന് തീരുമാനിക്കുന്നത്. ഇന്ത്യൻ താരമായ മിന്നുമണി സജനയുടെ അടുത്തകൂട്ടുകാരിയാണ്. മികച്ച ഓൾറൗണ്ടറായ സജനയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തുടക്കത്തിൽ കെ.സി.എ നൽകിയ 150 രൂപയുടെ അലവൻസായിരുന്നു സജനയുടെ വരുമാനം. 15 ലക്ഷത്തിനാണ് ഇത്തവണത്തെ ലേലത്തിൽ സജനയെ മുംബയ് സ്വന്തമാക്കിയത്.2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട സജനയും കുടുംബവും വളരെ കഷ്ടപ്പെട്ടാണ് ആഘാതങ്ങളിൽ നിന്ന് കരകയറിയത്.

Advertisement
Advertisement