സ്വർണത്തിനായി വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കമിതാക്കൾ പിടിയിൽ

Tuesday 16 April 2024 2:16 AM IST
കൊല്ലപ്പെട്ട ഫാത്തിമ

അടിമാലി: വീട്ടിൽ കയറി വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ എം.ജി. നഗർ സേവ്യർ ക്വാർട്ടേഴ്‌സിൽ അലക്‌സ് (35) ബാല്യകാല സുഹൃത്തും കാമുകിയുമായ കൊല്ലം ഡീസന്റ്മുക്ക് കല്ലുവിളക്കുന്നേൽ സുകേഷിന്റെ ഭാര്യ കവിത (35) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 4.45നും ആറിനുമിടയിലായിരുന്നു അടിമാലി ടൗണിന് സമീപം കുര്യൻ ആശുപത്രിയ്ക്ക് അടുത്ത് താമസിക്കുന്ന നെടുവേലി കിഴക്കേതിൽ ഫാത്തിമ (70) കൊല്ലപ്പെട്ടത്. ടൗണിൽ പോയ മകൻ സുബൈർ ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. പൊലീസ് പറയുന്നതിങ്ങനെ: ഒരാഴ്ച മുമ്പ് ജോലി അന്വേഷിച്ച് അടിമാലിയിലെത്തിയ അലക്സും കവിതയും ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. പണച്ചെലവ് കുറയ്ക്കാൻ വാടക വീട് അന്വേഷിക്കുന്നതിനിടെയാണ് ഫാത്തിമയുമായി സൗഹൃദത്തിലാകുന്നത്. ഫാത്തിമയുമായുള്ള സംസാരത്തിനിടെ മകൻ വീട്ടിലെത്തുന്ന സമയം ഇവർ മനസിലാക്കി. ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ ഇവർ ഫാത്തിമയോട് കുടിയ്ക്കാൻ വെള്ളം ചോദിച്ചു. ഫാത്തിമ വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയ സമയം പിന്നാലെയെത്തി അലക്സ് കടന്നുപിടിച്ചു കഴുത്തിലെ സ്വർണ്ണമാല പൊട്ടിയ്ക്കാൻ ശ്രമിച്ചു. വൃദ്ധ ബഹളം വച്ചപ്പോൾ കവിത വായ പൊത്തിപ്പിടിച്ചു. ഈ സമയം അലക്‌സ് അടുക്കളയിൽ നിന്ന് എടുത്ത കറികത്തി ഉപയോഗിച്ച് ഫാത്തിമയുടെ കഴുത്തറുക്കുകയായിരുന്നു. കൊലയ്ക്കുശേഷം ഫാത്തിമ ധരിച്ചിരുന്ന രണ്ടു വളകളും മാലയും ഇവർ ഊരിയെടുത്തു. വീടിനുള്ളിൽ മുളകുപൊടി വിതറി. തുടർന്ന് അടിമാലി ടൗണിലെത്തി മോഷ്ടിച്ച വളകളിലൊന്ന് പണയം വയ്ക്കാൻ ശ്രമിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. മറ്റൊരു ധനകാര്യ സ്ഥാപനത്തിലെത്തി കൂട്ടത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പണയപ്പെടുത്തി 60,000 രൂപ തരപ്പെടുത്തി. തുടർന്ന് ടാക്സി കാറിൽ കോതമംഗലം ഭാഗത്തേയ്ക്ക് തിരിച്ചു. ഇടയ്ക്ക് നേര്യമംഗലത്ത് ബാറിൽ കയറി അലക്‌സ് മദ്യപിച്ചു. കോതമംഗലത്തെത്തിയ ശേഷം ശേഷം ബസിൽ ആലുവ വഴി എറണാകുളത്തെത്തി ലോഡ്ജിൽ മുറിയെടുത്തു തങ്ങി. പുലർച്ചെ പാലക്കാട് ഭാഗത്തേക്ക് ബസിൽ യാത്ര തിരിച്ചു. ഇതിനിടെ തങ്ങളുടെ ഫോട്ടോകൾ നവ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൃശൂരിലെത്തി ബ്യൂട്ടി പാർലറിൽ കയറി ഇരുവരും മുടിവെട്ടി രൂപസാദൃശ്യത്തിൽ മാറ്രം വരുത്തി. പിന്നീട് പാലക്കാട്ടേക്ക് യാത്ര തുടർന്നു. ഇതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് പാലക്കാട് എ.എസ്.പി അശ്വതി ജിജിയുടെ സഹായത്തോടെ കുഴൽമന്ദം ഭാഗത്തുവച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോതമംഗലത്തെത്തിച്ച കാർ ഡ്രൈവർ നൽകിയ സൂചനകളും പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പറുമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സാഹായകമായത്. കൊല്ലപ്പെട്ട ഫാത്തിമയുടെ ഫോൺ ഇവരുടെ പക്കൽ ഉണ്ടെന്നും പൊലീസ് മനസിലാക്കി. പെരുമ്പാവൂരെത്തിയപ്പോൾ മുതൽ കവിതയുടെ ഫോൺ സ്വിച്ച് ഓൺ ആക്കിയതും കാര്യങ്ങൾ എളുപ്പമാക്കി. പോക്സോയടക്കം നിരവധി കേസുകളിൽ പ്രതിയാണ് അലക്‌സ്.

ഇരുവരും വേറെ വിവാഹം കഴിച്ചവർ

കവിത വിവാഹിതയും 12 വയസുള്ള കുട്ടിയുടെ അമ്മയുമാണ്. അലക്‌സിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഇയാൾ കിളികൊല്ലൂരിൽ ഇ.എസ്.എ ആശുപത്രിയിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. അലക്‌സും കവിതയും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. അടുത്തിടെ വീണ്ടും കണ്ടുമുട്ടിയ ഇവർ പ്രണയത്തിലാവുകയായിരുന്നു. ആറുമാസം മുമ്പ് ഇരുവരും ബംഗളൂരുവിലെത്തി ഒരുമിച്ച് താമസം ആരംഭിയ്ക്കുകയായിരുന്നു. ഇവിടെ ഒരു സ്ഥാപനത്തിൽ അലക്‌സിന് ജോലി ലഭിച്ചെങ്കിലും ശമ്പളം കുറവായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലാണ് ഇവർ ഒരാഴ്ച മുമ്പ് ബംഗളൂരു വിട്ടത്. മൂന്നാറിന് സമീപമുള്ള ഫാമിൽ ഡ്രൈവറുടെ ഒഴിവുണ്ടെന്നറിഞ്ഞാണ് അടിമാലിയിൽ എത്തുന്നത്.

Advertisement
Advertisement