കല്യാണം കളർഫുള്ളാക്കാൻ വെള്ളമടിച്ച് പള്ളിയിലെത്തി, വധു പിണങ്ങിപ്പോയി; വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Tuesday 16 April 2024 10:06 AM IST

പത്തനംതിട്ട: സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ യുവാവിനെ വിവാഹ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി.

വിവാഹ ചടങ്ങുകൾക്കായി പള്ളിമുറ്റത്തെത്തിയ വരൻ പാടുപെട്ടാണ് കാറിൽ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതൽ വഷളായി. വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയ വൈദികനോട് പോലും ഇയാൾ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരൻ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിരുന്നു നാട്ടിലെത്തിയത്. ഇയാൾ രാവിലെ മുതൽ മദ്യപാനം തുടങ്ങിയിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഒടുവിൽ വധുവിന്റെ വീട്ടുകാർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

വ്യത്യസ്‌തമായ കാരണങ്ങളാൽ വിവാഹം മുടങ്ങിപ്പോയി എന്ന നിരവധി വാർത്തകൾ ഇതിന് മുമ്പ് പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് അടുത്തിടെ ഹൈദരാബാദിൽ നടന്നത്. വിവാഹനിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ മട്ടൺ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ചായിരുന്നു ആ വിവാഹം മുടങ്ങിയത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാൽ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം. വധുവിന്റെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ ക്ഷണിക്കപ്പെട്ട അതിഥികൾക്കും വരന്റെ ബന്ധുക്കൾക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാൽ അതിൽ മട്ടൻ വിഭവം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ കുടുംബം പ്രശ്നമുണ്ടാക്കി. മട്ടൻ വിഭവം തയ്യാറാക്കിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചെന്ന കാര്യത്തിൽ വരന്റെ വീട്ടുകാർ ഉറച്ചുനിന്നു. തങ്ങൾ ആവശ്യപ്പെട്ടിട്ടും മട്ടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് വരന്റെ കുടുംബം പറഞ്ഞു. തുടർന്ന് വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു.

Advertisement
Advertisement