ശബരിമലയിൽ അനധികൃത നെയ്‌വിൽപ്പന; കീഴ്ശാന്തി പിടിയിൽ

Tuesday 16 April 2024 12:36 PM IST

പത്തനംതിട്ട: ശബരിമലയിൽ അനധികൃതമായി നെയ്‌വിൽപ്പന നടത്തിയ കീഴ്ശാന്തി പിടിയിൽ. ചെറായി സ്വദേശി മനോജാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 14,565 രൂപയും വിജിലൻസ് കണ്ടെടുത്തു. ശബരിമലയിലെ പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്ചേഞ്ച് കൗണ്ടറിലാണ് മനോജിനെ നിയമിച്ചിരുന്നത്. തുടർനടപടികൾക്കായി എക്‌സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഭക്തരിൽ നിന്നും ശേഖരിച്ച 12,000 രൂപയും മനോജ് താമസിക്കുന്ന കോട്ടേഴ്സ് മുറിയിൽ നിന്ന് 2565 രൂപയും കണ്ടെത്തിയതായും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ടെമ്പിൾ സ്പെഷ്യൽ ഓഫീസറും ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.