വരുന്ന ദിവസങ്ങളിൽ ഈ രണ്ട് ജില്ലക്കാർ കരുതിയിരിക്കണം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത

Tuesday 16 April 2024 4:40 PM IST

തിരുവനന്തപുരം: ഏപ്രിൽ 18,19 തിയതികളിൽ കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏപ്രിൽ 17 ബുധനാഴ്ച പത്ത് ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്കൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 20ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ട് ജില്ലകളിലാണ് മഴ പെയ്യാൻ സാദ്ധ്യതയുളളത്.

അതേസമയം, ഏപ്രിൽ 16 മുതൽ 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഏപ്രിൽ 18 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement