125 ആണ്ടിന്റെ രുചിപ്പെരുമയിൽ പൊറ്റയിൽ ഉമ്മാമ്മയുടെ കട

Wednesday 17 April 2024 1:51 AM IST

ചോറ്റാനിക്കര: ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് സ്ത്രീ സംരംഭങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലം. വിധവയായ 'പൊറ്റയിൽ ഉമ്മാമ്മ' എന്ന പൊറ്റയിൽ ശോശ അന്ന് തുടങ്ങിയ ചായപ്പീടിക ഇപ്പോഴും ചായയും നാടൻ പലഹാരങ്ങളുമായി നാട്ടുകാർക്ക് രുചിവിരുന്നൊരുക്കുന്നു.

മക്കളെ പോറ്റാനായി ശോശ സ്വന്തം കൈപ്പുണ്യം കൈമുതലാക്കി എരുവേലിയിൽ ജംഗ്ഷനിൽ തുറന്ന കട ഇപ്പോൾ നടത്തുന്നത് അവരുടെ മരുമകൾ ശോശാമ്മയാണ്, പഴമ ഒട്ടും ചോരാതെ തന്നെ.

ലൈസൻസിന് അപേക്ഷിക്കാനായി പൊറ്റയിൽ ഹോട്ടൽ എന്ന പേരിട്ടെങ്കിലും അന്നും ഇന്നും നാട്ടുകാർക്ക് അത് പൊറ്റയിൽ ഉമ്മാമ്മയുടെ കട തന്നെ.

ഒറ്റനോട്ടത്തിൽ സിനിമാ സെറ്റ് ഇട്ടതാണെന്ന് തോന്നും. ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു, പിന്നീട് വൈക്കോലും പിന്നാലെ ഷീറ്റുമായി മേൽക്കൂര.

മേൽക്കൂരയുടെ വിടവിലൂടെ വിറകടുപ്പിൽ നിന്നുള്ള പുക ഉയരുന്നു. സിമന്റ് ഭിത്തിയോട് ചേർന്നുള്ള കണ്ണാടിപ്പാത്രത്തിൽ കൊതിയൂറുന്ന പലഹാരങ്ങൾ.

75 വർഷമായി ശോശാമ്മ കടയുടെ സാരഥ്യം ഏറ്റെടുത്തിട്ട്. ഭർത്താവ് വർക്കി ആറു മാസം മുമ്പ് മരിച്ചു.

പുലർച്ചെ 4.30ന് കട തുറക്കുമ്പോഴേക്കും ചായ കുടിക്കാൻ ആളെത്തും. ആവി പറക്കുന്ന പുട്ടും കപ്പ ക്കറിയും അപ്പവും മുട്ടക്കറിയും ഇടിയപ്പവും കടലക്കറിയും എന്നീ 'കോമ്പിനേഷനുകൾ" റെഡിയായിരിക്കും. മകൻ റെജിയും മരുമകൾ ജിൻസിയും ചേർന്നാണ് പലഹാരങ്ങൾ ഒരുക്കുന്നത്.

രാവിലെ ജോലിക്ക് പോകുന്ന തൊഴിലാളികളാണ് പ്രധാനമായും കടയിലെത്തുന്നവർ. ഒരിക്കൽ വന്നുപോയവർ ഓർമ്മ പുതുക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും വീണ്ടും എത്താറുണ്ടെന്ന് ശോശാമ്മ ഓർക്കുന്നു.

പഴമയുടെ തനത് രുചിക്കൂട്ടുകൾ

തനതു രുചികളാണ് ഉമ്മാമ്മയുടെ കടയിലെ പലഹാരങ്ങൾക്ക്. ഇഞ്ചിയും കാന്താരിയും ചേർത്ത പരിപ്പുവട, സ്വർണ നിറമുള്ള ബോണ്ട, വാഴയിലയിൽ ഉണ്ടാക്കിയ അട, ബോളി... അങ്ങനെ പോകുന്നു പലഹാരങ്ങളുടെ വൈവിധ്യം. അമ്മായിയമ്മ പകർന്നു തന്ന കൈപ്പുണ്യമാണെന്ന് ശോശാമ്മ പറയും. പലഹാരങ്ങൾ വൈകിട്ട് നാലരയോടെ വിറ്റു തീരും.

................................

ഇനിയുള്ള കാലവും ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹം. കടയ്ക്ക് രൂപമാറ്റം വരുത്താൻ തത്കാലം ആഗ്രഹമില്ല

- ശോശാമ്മ

Advertisement
Advertisement