കെ.ജി. ജയനും വിടവാങ്ങി

Wednesday 17 April 2024 1:08 AM IST

കൊച്ചി: മലയാള ഗാനശാഖയെ ഭക്തിസാന്ദ്രമായ സംഗീതംകൊണ്ട് പ്രഫുല്ലമാക്കിയ ഇരട്ടസഹോദരന്മാരിലെ കെ.ജി.ജയനും അനശ്വരതയിലേക്ക് വിടവാങ്ങി. തൃപ്പൂണിത്തുറ കുരീക്കാട്ടെ വസതിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഒട്ടേറെ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ച പദ്മശ്രീ കെ.ജി. ജയന് 89 വയസായിരുന്നു. ഇരട്ടസഹോദരൻ കെ.ജി. വിജയനൊപ്പമായിരുന്നു സംഗീതസംവിധാനത്തിലും ആലാപനത്തിലും ഏറ്റവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയത്. സിനിമാതാരം മനോജ് കെ. ജയൻ മകനാണ്.

ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8.30ന് കുരീക്കാട്ടെ വസതിയിൽ കൊണ്ടുവരും. അന്ത്യകർമ്മങ്ങൾക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനുവയ്‌ക്കും. 5.30ന് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ജയവിജയന്മാർ തമിഴ് സിനിമാരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

1988ൽ വിജയൻ വിടവാങ്ങിയശേഷം ജയൻ തനിച്ചും കച്ചേരികൾ അവതരിപ്പിച്ചിരുന്നു. 2019ൽ പദ്മശ്രീ ലഭിച്ചു.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി വർക്കലയിൽ തന്ത്രവിദ്യ പഠിച്ച കോട്ടയം നാഗമ്പടം കടമ്പൂത്തറമഠത്തിൽ കെ. ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിഅമ്മയുടെയും മകനായി 1934 നവംബർ 21നായിരുന്നു ജനനം. ഭാര്യ: അദ്ധ്യാപികയായിരുന്ന പരേതയായ വി.കെ. സരോജിനിഅമ്മ. മറ്റൊരുമകൻ: ബിജു കെ. ജയൻ (ബിസിനസ് ). മരുമക്കൾ: പ്രിയ ബിജു (മാതൃഭൂമി), ആശ ജയൻ.

ആറാംവയസിൽ സംഗീതപഠനം ആരംഭിച്ച ജയവിജയന്മാർ പത്താം വയസിൽ കുമാരനല്ലൂർ ക്ഷേത്രത്തിലാണ് അരങ്ങേറിയത്. ശ്രീകോവിൽ നടതുറന്നു എന്ന പ്രസിദ്ധമായ ഭക്തിഗാനം ഇവർ ഈണംപകർന്ന് ആലപിച്ചതാണ്. 'ഭൂമിയിലെ മാലാഖ"യാണ് ജയവിജയന്മാർ സംഗീതം ചെയ്ത ആദ്യ മലയാള സിനിമ. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം, കണ്ണാടിയമ്മാ ഉൻ ഇദയം... തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമ ഗാനങ്ങൾ.

Advertisement
Advertisement