അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ്: ദിലീപിന്റെ അപ്പീൽ തള്ളി

Wednesday 17 April 2024 1:29 AM IST

കൊച്ചി: എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ നടൻ ദിലീപ് നൽകിയ അപ്പീൽ ഡിവിഷൻബെഞ്ച് തള്ളി. ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അന്തസ് സംരക്ഷിക്കാനുള്ള തന്റെ അവകാശത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നതെന്ന് അതിജീവിത ബോധിപ്പിച്ചു. മൊഴിപ്പകർപ്പിലെ വിവരങ്ങൾ അറിയാൻ ഹർജിക്കാരിയെന്ന നിലയ്ക്ക് അവകാശമുണ്ട്.

തീർപ്പായ കേസിൽ പുതിയ ഉപഹർജി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.
മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള ഹർജിയെ സിംഗിൾബെഞ്ചിലും ദിലീപ് എതിർത്തിരുന്നു. സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും വാദിച്ചു.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന ഉപഹർജിയിൽ മേയ് 30ന് സിംഗിൾബെഞ്ച് വിശദവാദം കേൾക്കാനിരിക്കെയാണ് ദിലീപ് അപ്പീൽ നൽകിയത്.
കോടതി കസ്റ്റഡിയിലിരിക്കേ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. 2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതിയിലെ മജിസ്‌ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് 19ന് പകൽ വിചാരണക്കോടതിയിലെ ശിരസ്തദാർ താജുദ്ദീനും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

Advertisement
Advertisement