ബി.ജെ.പിക്ക് ആശങ്ക: ഡി.കെ.ശിവകുമാർ
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി ആശങ്കപ്പെടുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. രാജ്യത്തൊരിടത്തും ബി.ജെ.പി- മോദി തരംഗം ഇല്ല. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും തിരഞ്ഞെടുപ്പ് സമ്മാനിക്കുക. 'ഇന്ത്യ" സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മോദി ശക്തനായിരുന്നെങ്കിൽ നൂറിലധികം സിറ്റിംഗ് എം.പിമാരെ മാറ്റില്ലായിരുന്നു. ദക്ഷിണേന്ത്യ ലക്ഷ്യം വച്ചുള്ള ബി.ജെ.പി പ്രചാരണം ഫലപ്രദമാവില്ല. കേന്ദ്രമന്ത്രിമാരും സിറ്റിംഗ് എം.പിമാരും ഉൾപ്പെടെയുള്ള പ്രമുഖർ തോൽക്കും. ദക്ഷിണേന്ത്യയിൽ 'ഇന്ത്യ" മുന്നണി വൻ മുന്നേറ്റമുണ്ടാക്കും. കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിനു തുല്യമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം തകർത്ത സർക്കാരാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ മതേതര -ജനാധിപത്യ നിലപാടുകളിൽ വിശ്വസിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ഇത്തവണയും ഗംഭീര വിജയം യു.ഡി.എഫിനു കേരളം നൽകും. ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ.ശിവകുമാർ ചോദിച്ചു. മന്ത്രിയെന്ന നിലയിൽ എത്രമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു? കേരളത്തിലെ ഐ.ടി മേഖലയിൽ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമായിരുന്നു? ഏതെങ്കിലും പദ്ധതിക്ക് ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.