നൂറിലും ബേക്കർ സാഹിബിന്റെ വോട്ടോർമ്മകൾക്ക് തിളക്കം

Wednesday 17 April 2024 12:36 AM IST

ആലപ്പുഴ: നൂറ്റി മൂന്നാം വയസിലും സ്വാതന്ത്ര്യ സമരസേനാനിയായ ബേക്കർ സാഹിബിന്റെ വോട്ടോർമ്മകൾ മങ്ങിയിട്ടില്ല.1948 ഫെബ്രുവരിയിൽ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പ്. കരുനാഗപ്പള്ളി രണ്ടാം മണ്ഡലമെന്ന് അറിയപ്പെട്ട കായംകുളം പ്രദേശത്ത് പി.കെ.കുഞ്ഞും ടി.എ.മൈതീൻ കുഞ്ഞും തമ്മിൽ മത്സരം. പി.കെ.കുഞ്ഞിനു വേണ്ടി കേരള സിംഹമെന്ന് അറിയപ്പെട്ടിരുന്ന ആർ.ശങ്കർ പ്രചാരണത്തിനെത്തി. പ്രതിപക്ഷ മുന്നണിയിലെ ടി.എ.മൈതീൻ കുഞ്ഞിന്റെ പ്രചാരണച്ചുമതല ബേക്കർ സാഹിബിനായിരുന്നു. കൗമുദി പത്രാധിപരും തീപ്പൊരി പ്രാസംഗികനുമായ കെ.ബാലകൃഷ്ണനെ എത്തിച്ചാണ് ബേക്കർ സാഹിബ് ആർ.ശങ്കറിനെ പ്രതിരോധിച്ചത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ പതിനായിരം വോട്ടിന് പി.കെ കുഞ്ഞ് വിജയിച്ചു. തോറ്റിട്ടും ബേക്കർ സാഹിബ് അടങ്ങിയില്ല. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പി.കെ.കുഞ്ഞിനെതിരെ നിയമപോരാട്ടത്തിനിറങ്ങി. ഗവ.കരാറുകാരോ റേഷൻ ഡീലർമാരോ കുടുംബാംഗങ്ങളോ മത്സരിക്കാൻ പാടില്ലെന്നതായിരുന്നു ചട്ടം. കോന്നിയിലെ കൂപ്പ് കോൺട്രാക്ടറും റേഷൻ ലൈസൻസിയുമായ ഭാര്യാപിതാവ്, പി.കെ.കുഞ്ഞിന്റെ വീട്ടിലെ റേഷൻ കാർഡിലെ ഒന്നാം നമ്പർ പേരുകാരനായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിയമപോരാട്ടം. വനംവകുപ്പിലെ കരാറിന്റെ രേഖകൾ ഹാജരാക്കി. അന്ന് ഹൈക്കോടതി ജ‌ഡ്ജിയായിരുന്ന പുതുപ്പള്ളി കൃഷ്ണപിള്ള മുമ്പാകെ എത്തിയ കേസിൽ പി.കെ.കുഞ്ഞിനെ അയോഗ്യനാക്കി. അങ്ങനെ ടി.എ.മൈതീൻ കുഞ്ഞ് ഏക പ്രതിപക്ഷ എം.എൽ.എയായി ചരിത്രം കുറിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ പിതാവുമാണ് ബേക്കർ സാഹിബ്.

ഇത്തവണയും

ബൂത്തിലെത്തും

ഉച്ചഭാഷിണി കോലാഹലം ഇല്ലാതിരുന്ന കാലത്ത് സ്ഥാനാർത്ഥികളും പാർട്ടിക്കാരും വീടുകളിൽ നടന്നെത്തിയാണ് വോട്ട് ചോദിച്ചത്. ദുർഘടമായ ചെമ്മൺ പാതകളിലും തലയ്ക്ക് മീതെ വളർന്ന കൈതച്ചെടികളുമുളള റോഡുകളിൽ കാളവണ്ടി മാത്രമായിരുന്നു വാഹനമെന്ന് സാഹിബ് ഓർക്കുന്നു. ഒരു തിരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല. കായംകുളം എൻ.എസ്.എസ് എച്ച്. എസിലെ 86ാംനമ്പർ ബൂത്തിൽ ഇത്തവണയും വോട്ടിനെത്തും. പ്രായത്തിന്റെ ചെറിയ അവശതകൾ ഒഴിച്ചാൽ കാഴ്ചയ്ക്കോ,​ കേൾവിക്കോ,​ ഓർമ്മയ്ക്കോ മങ്ങലില്ല. മക്കൾക്കും ചെറുമക്കൾക്കുമൊപ്പം കായംകുളം പെരിങ്ങാല പടിപ്പുരയ്ക്കൽ സൗഹൃദത്തിൽ വിശ്രമജീവിതത്തിലാണ്.

'രാമൻ പറമ്പിൽ ആനക്കുട്ടി'

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ തൊഴിൽ രഹിതരായ ഡിഗ്രിക്കാരെ നിയോഗിക്കാൻ ആദ്യ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ഉത്തരവിട്ട കാലം. ഇപ്പോഴത്തെ ബി.എൽ.ഒ മാർക്ക് പകരം ഡിഗ്രിക്കാർ വീടുകൾ കയറി വോട്ടർ പട്ടിക പുതുക്കി. ആനപ്പറമ്പിൽ രാമൻകുട്ടിയെന്ന വോട്ടർ ബൂത്തിലെത്തി. ക്രമനമ്പർ നോക്കി പോളിംഗ് ഉദ്യോഗസ്ഥൻ പേര് വിളിച്ചത് രാമൻപറമ്പിൽ ആനക്കുട്ടിയെന്നായി. പേരും വിലാസവും മാറിയതു കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇത് പരാതിക്കും വിവാദങ്ങൾക്കും ഇടയാക്കിയതോടെയാണ് അദ്ധ്യാപകരെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയോഗിച്ച് പിന്നീട് സർക്കാർ തീരുമാനമുണ്ടായതെന്ന് ബേക്കർ സാഹിബ് പറയുന്നു.

Advertisement
Advertisement