 തിരഞ്ഞെടുപ്പൊരുക്കം പിടികൂടിയ തുക ഒരു കോടിയിലധികം

Wednesday 17 April 2024 12:58 AM IST
election

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിക്കപ്പെട്ട വിവിധ സർവൈലൻസ് സ്‌ക്വാഡുകൾ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളുടെ അഭാവത്തിൽ കൊണ്ടു പോവുകയായിരുന്ന 19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതോടെയാണിത്. പിടിച്ചെടുത്ത തുക അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ഇത്തരത്തിൽ ആകെ 1,00,84,310 രൂപയാണ് സർവൈലൻസ് സ്‌ക്വാഡുകൾ പിടിച്ചെടുത്ത് കൈമാറിയിട്ടുളളതെന്ന് എക്സ്‌പെൻഡീച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.

 വീട്ടിലെത്തി വോട്ട് ശേഖരണം ഇന്ന് മുതൽ

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള വയോജനങ്ങളുടെയും വീടുകൾ സന്ദർശിച്ച് വോട്ട് ശേഖരിക്കുന്നത് ഇന്ന് തുടങ്ങും. 7623 ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള 10872 പേരുടെയും വീടുകളാണ് ഉദ്യോഗസ്ഥർ സന്ദർശിക്കുക.

 മാതൃകാ ഹരിതബൂത്തൊരുങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കളക്ട്രേറ്റ് കാമ്പസ്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്.
മുള, ഓട, ഓല, പുല്ല് തുടങ്ങി പൂർണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബൂത്തിന്റെ മാതൃക കൗതുകകരമായി. തെരഞ്ഞടുപ്പിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. അസി. കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പ്രതീക് ജയിൻ, എ.ഡി.എം അജീഷ് കെ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം, രാധാകൃഷ്ണൻ, വി. ഹനസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement