ഇറാൻ റാഞ്ചിയ കപ്പലിൽ നിന്നു ശ്യാംനാഥ്: ഞങ്ങൾ സുരക്ഷിതരാണ്, അമ്മ സങ്കടപ്പെടേണ്ട
കോഴിക്കോട്: 'സുരക്ഷിതരാണ്, ഇവിടെ കുഴപ്പമൊന്നുമില്ല, അമ്മ സങ്കടപ്പെടേണ്ട..മോചിതനായാൽ ഉടൻ വീട്ടിലേക്കെത്തും...' ഇറാൻ റാഞ്ചിയ കപ്പലിൽ നിന്നു ശ്യാംനാഥ് ഫോണിൽ കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലേക്ക് തിങ്കളാഴ്ച രാത്രിയാണ് വിളിച്ചത്. മൂന്നുദിവസമായി മകന്റെ വിവരങ്ങളൊന്നുമറിയാതെ തീ തിന്നുകയായിരുന്ന അമ്മ ശ്യാമളയുടെ ഫോണിലേക്കുതന്നെയാണ് ആ വിളി വന്നത്. എല്ലാവരും സുരക്ഷിതരാണ്. ഭക്ഷണമെല്ലാം തരുന്നുണ്ട്. ആരെയും ദ്രോഹിക്കുന്നില്ല. പത്തുമിനുട്ടോളം നീണ്ട സംഭാഷണത്തിനിടെ അച്ഛനോടും ഭാര്യയോടുമെല്ലാം രണ്ട് വാക്ക് മിണ്ടാൻ അനുവദിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 13ാം തീയതി ഉച്ചയോടെയാണ് ടി.പി.ശ്യാംനാഥ് അടക്കം നാലു മലയാളികൾ അടങ്ങുന്ന കപ്പൽ ഇസ്രയേൽ റാഞ്ചിയത്. പതിമൂന്നിന് രാവിലെ ശ്യാം വിളിച്ചിരുന്നു. വിഷു കഴിഞ്ഞ് 16ന് വീട്ടിലെത്തുമെന്നായിരുന്നു പറഞ്ഞത്. ഉച്ചയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കപ്പൽ ഇറാൻ വരുതിയിലായി. അതിനുശേഷം വിവരങ്ങളൊന്നുമില്ലായിരുന്നു.
ശ്യാംനാഥ് ജോലി ചെയ്യുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായും കേരളത്തിലേയും കേന്ദ്രത്തിലേയും അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സഹോദരൻ ശങ്കർ പറഞ്ഞു.
കപ്പലിൽ സെക്കൻഡ് എൻജിനിയറാണ് 31കാരനായ ശ്യാംനാഥ്. പത്തുവർഷമായി ഈ ജോലിയിൽ.
വയനാട് കാട്ടിക്കുളം സ്വദേശിയായ പി.വി.ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകൻ സുമേഷ്, തൃശൂർ സ്വദേശിയായ ആന്റസ ജോസഫ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ.