മാസപ്പടി: ഇ.ഡി ചോദ്യം ചെയ്തത് 24 മണിക്കൂർ

Wednesday 17 April 2024 2:00 AM IST

കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത് 24 മണിക്കൂർ. പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്തു. വീണ്ടും നോട്ടീസ് നൽകിയെങ്കിലും മാനേജിംഗ് ഡയറക്‌ടർ എസ്.എൻ. ശശിധരൻ കർത്ത ഇന്നലെയും ഹാജരായില്ല.

തിങ്കളാഴ്ച രാവിലെ 11നാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ്‌കുമാർ, സീനിയർ മനേജർ എൻ.സി. ചന്ദ്രശേഖരൻ, ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവർ ഹാജരായത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ഇവരെ വിട്ടയച്ചത്. രാത്രി മുഴുവനും ചോദ്യം ചെയ്ത ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സീനിയർ ഫിനാൻസ് മാനേജർ പി. സുരേഷ്‌കുമാർ, മുൻ കാഷ്യർ വി. വാസുദേവൻ എന്നിവരെ ഇന്നലെ ഉച്ചയ്ക്കു ശേഷം ചോദ്യം ചെയ്യാൻ ആരംഭിച്ചത് രാത്രിയും തുടരുകയാണ്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിന് സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയത് സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി ചോദിച്ചത്. നൽകിയ തുകയ്ക്ക് ലഭിച്ച സേവനങ്ങളുടെ വിവരങ്ങളും ചോദിച്ചു. എക്‌സാലോജിക്കുമായുള്ള കരാർ പകർപ്പും പണം കൈമാറിയതിന്റെ രേഖകളും ഉദ്യോഗസ്ഥർ നൽകിയതായാണ് സൂചന.