നഴ്സിംഗ് മാനേജ്മെന്റ് സീറ്റ് : ഓരോ കോളേജിനും അപേക്ഷാ ഫീസ് 1000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ ബി.എസ്.സി നഴ്സിംഗ് മാനേജ്മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഓരോ കോളേജിലും 1000രൂപ അടച്ച് പ്രത്യേകം അപേക്ഷിക്കണം.
പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (പി.എൻ.സി.എം.എ.കെ) ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ഏഴു വർഷമായി ഓൺലൈനായി അപേക്ഷ സ്വീകരിച്ച് ഏകീകൃത അലോട്ട്മെന്റ് നടത്തിയായിരുന്നു മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം . 1000 രൂപ ഫീസ് അടച്ച് സംസ്ഥാനത്തുടനീളമുള്ള 10 കോളേജുകളിലേക്ക് അപേക്ഷിക്കാമായിരുന്നു.
ഏകീകൃത അലോട്ട്മെന്റ് നടത്തുമ്പോൾ അപേക്ഷാ ഫീസിന്റെ 18ശതമാനം ജി.എസ്.ടി അസോസിയേഷൻ സർക്കാരിലേക്ക് അടയ്ക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പുതിയ തീരുമാനം. കോളേജുകൾ സ്വന്തം നിലയിൽ പ്രവേശനം നടത്തിയാൽ ജി.എസ്.ടി ബാധകമാകില്ല.
ഏകീകൃത അലോട്ട്മെന്റ് ആരംഭിച്ച 2017മുതലുള്ള ജി.എസ്.ടി അടയ്ക്കുന്നതിലെ തർക്കം ഹൈക്കോടതിയിലാണ്. ജി.എസ്.ടിയില്ലാതെ ഫീസ് മാത്രമാണ് അപേക്ഷകരിൽ നിന്ന് വാങ്ങിയത്. ഇനി ജി.എസ്.ടി അടയ്ക്കാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. ഏഴു വർഷമായി മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചായിരുന്നു അലോട്ട്മെന്റ്. ഇനി ഓരോ കോളേജും പ്രത്യേകം ലിസ്റ്റിട്ട് പ്രവേശനം നടത്തും. ജി.എസ്.ടി ഒഴിവാക്കാൻ സർക്കാർ തയാറാകാത്തതാണ് പ്രശ്നമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.സജിയും സെക്രട്ടറി അയിര ശശിയും പറഞ്ഞു.
50കോളേജുകൾ,
17000 അപേക്ഷകൾ
അസോസിയേഷന് കീഴിലുള്ള 50 കോളേജുകളിലേക്ക് കഴിഞ്ഞ വർഷം 17,000 അപേക്ഷകളാണ് ലഭിച്ചത്. 2000 മാനേജ്മെന്റ് സീറ്റുകളാണുള്ളത്. ഓൺലൈനായതിനാൽ ഇഷ്ടമുള്ള കോളേജുകൾ തിരഞ്ഞെടുത്ത് ഓപ്ഷൻ നൽകാമായിരുന്നു.