മാസപ്പടി കേസ്; എക്സാലോജിക്കുമായുള്ള  ഇടപാടിന്റെ രേഖകൾ സിഎംആർഎൽ നൽകുന്നില്ലെന്ന് ഇഡി

Wednesday 17 April 2024 9:53 AM IST

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂർണ രേഖകൾ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ)​ കെെമാറുന്നില്ലെന്ന് ഇഡി. കരാർ രേഖകളടക്കം കെെമാറിയില്ലെന്ന് ഇഡി പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളുമായിരുന്നു ഇഡി ആവശ്യപ്പെട്ടത്. കമ്പനിയുടെ ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ കരാർ രേഖകൾ ഹാജരാക്കിയില്ല. സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും.

എന്നാൽ ആവശ്യപ്പെട്ട രേഖകൾ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അങ്ങനെ തീർപ്പാക്കിയ കേസിൽ രേഖകൾ കെെമാറാൻ സാധിക്കില്ലെന്നാണ് മറുപടി. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. മുൻ കാഷ്യർ വാസുദേവനെയും ഇന്ന് ഇ ഡി ചോദ്യം ചെയ്യും.

സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ), ഇഡി അന്വേഷണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹെെക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മാസപ്പടി കേസ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ പറയുന്നത്. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.