യുഎഇയിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

Wednesday 17 April 2024 3:57 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയർ ഇന്ത്യ വിമാനങ്ങളും ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളുമാണ് യുഎഇയിലെ കനത്ത മഴ കാരണം റദ്ദാക്കിയത്.

യുഎഇയിലെ കനത്ത മഴ കാരണം നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനങ്ങളുമാണ് യാത്ര റദ്ദാക്കിയത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ എഫ് ഇസെഡ് 454, ഇൻഡിഗോയുടെ 6 ഇ 1475, എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്.

മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തേ അറിയിപ്പ് നൽകിയിരുന്നു. ഷാർജയിലേക്കുള്ള എയർ അറേബ്യയുടെ ജി 9 423 വിമാനവും ദോഹയിലേക്കുള്ള ഇൻഡിഗോ 6 ഇ 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട്. യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനഃക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ 75 വർഷത്തിനിടിയിൽ ദുബായ് സാക്ഷ്യംവഹിക്കാത്ത തരത്തിലുളള മഴയാണ് ഇപ്പോൾ പലയിടങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ദുബായിലെ പലയിടങ്ങളിലായി ആരംഭിച്ച മഴയ്ക്ക് ഇതുവരെ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി യുഎഇ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്‌​റ്റേഷനുകൾ, മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവ വെളളത്തിനടയിലായിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 160 മില്ലിമീ​റ്റർ മഴ രേഖപ്പെടുത്തിയെന്ന കണക്കുകളും പുറത്തുവന്നിരുന്നു.

ആകെ ഭൂമിയുടെ ഭൂരിഭാഗവും മരുഭൂമിയാൽ ചുറ്റപ്പെട്ട യുഎഇയിൽ വർഷത്തിൽ കൂടുതൽ സമയവും ചൂടുളള കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നത്. അതിനാൽ, ഇവിടെ മഴപെയ്യുകയെന്നത് ദുഷ്കരമായ കാര്യമാണ്. ഇതിനായി പലതരത്തിലുളള മാർഗങ്ങൾ യുഎഇ ഭരണകൂടും അവലംബിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് ഇത്തരത്തിൽ ഏതെങ്കിലും സാങ്കേതികവിദ്യയുമായി ബന്ധമുണ്ടോയെന്ന റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Advertisement
Advertisement