ഇടപ്പള്ളി വാക്‌സിൻ സ്റ്റോർ സംസ്ഥാന കേന്ദ്രമാകും

Wednesday 17 April 2024 5:39 PM IST

കൊച്ചി: കൊവിഡ് കാലത്ത് ഒറ്റനിലയിൽ നിർമ്മിച്ച ഇടപ്പള്ളിയിലെ മേഖലാ വാക്സിൻ സ്റ്റോറിന്റെ പദ്ധതിപ്രകാരമുള്ള മറ്റു നിലകളുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ ഇതിനെ സ്‌റ്റേറ്റ് വാക്‌സിൻ സ്‌റ്റോറാക്കാൻ നീക്കം.

താഴത്തെനില ഉൾപ്പെടെ നാല് നിലകളിലായി നിർമ്മിക്കാൻ പദ്ധതിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം മൂന്നാംനിലയിലേക്കെത്തി. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ സ്റ്റോറിൽ വിദേശനിർമ്മിത വാക്‌സിൻകൂളർ ഉൾപ്പെടെ ഘടിപ്പിച്ചിട്ടുണ്ട്.

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്നാണ് കെട്ടിടം. 5,000സ്‌ക്വയർഫീറ്റുള്ളതാണ് നിർമ്മാണം പൂർത്തീകരിച്ച ആദ്യനില. ഇവിടെയായിരുന്നു കൊവിഡ് വാക്‌സിൻ ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്.

ഇത്തരത്തിൽ അഞ്ചു ജില്ലകളിലേക്കുള്ള പല വാക്‌സിനുകളാണ് ഇടപ്പള്ളിയിൽ സൂക്ഷിക്കുക. പിന്നീട് ജില്ലകളിലെ വാക്സിൻ സ്റ്റോറുകളിലേക്കും അവിടെനിന്ന് താഴെത്തട്ടിലേക്കുമെത്തിക്കും. ഭാവിയിൽ സ്റ്റേറ്റ് വാക്‌സിൻ സ്റ്റോറും ഇവിടേക്കുവരും

* ജില്ലാ മെഡിക്കൽ ഓഫീസ് വരില്ല

ഇടപ്പള്ളിയിലെ വാക്‌സിൻ സെന്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് ജില്ലാ മെഡിക്കൽ ഓഫീസ് മാറ്റുന്നത് പരിഗണിച്ചിരുന്നു. പ്രാഥമിക പരിശോധനകൾക്കുശേഷം വെണ്ടെന്നുവച്ചു. സ്ഥലപരിമിതിയാണ് കാരണം. എറണാകുളം നഗരത്തിനുള്ളിൽ തന്നെ ജില്ലാ മെഡിക്കൽ ഓഫീസിന് പുതിയ കെട്ടിടം വരും.


* എറണാകുളം മേഖല വാക്സിൻസ്റ്റോറിനു കീഴിൽ വരുന്ന ജില്ലകൾ

തൃശൂർ
പാലക്കാട്
എറണാകുളം
കോട്ടയം
ഇടുക്കി

*ഉദ്ദേശ്യം
വാക്സിൻനിർമ്മാണം മുതൽ കുത്തിവയ്പുവരെ ഒരേ താപനില കാത്തുസൂക്ഷിക്കാം. 2മുതൽ 8വരെ ഡിഗ്രി താപനിലയിലാണ് വാക്സിൻ സൂക്ഷിക്കുക.

240 ചതുരശ്ര മീറ്ററുള്ള നിലവിലെ വാക്സിൻകൂളർ ഫ്രാൻസ് നിർമ്മിതമാണ്. ലക്ഷക്കണക്കിന് ഡോസ് വാക്സിൻ ശേഖരിച്ച് വയ്ക്കാനാകും.

മറ്റു വാക്‌സിനുകൾ

ബി.സി.ജി, പോളിയോ, ഡിഫ്തീരിയ ടെറ്റനസ് , എം.എം.ആർ, ഹെപ്പറ്റൈറ്റിസ്, പെന്റവാലന്റ്

കെട്ടിടത്തിലുള്ളത്

റീജിയണൽ വാക്സിൻസ്റ്റോർ
ജില്ലാ വാക്സിൻസ്റ്റോർ
ഫാമിലി വെൽഫെയർസ്റ്റോർ
ട്രെയിനിംഗ് സെന്റർ
ഫാമിലി വെൽഫെയർ സ്‌കിൽ സെന്റർ

ആകെ നിർമ്മാണച്ചെലവ് - 5കോടി

ആദ്യനിലയ്ക്ക് മാത്രം- 1.5 കോടി

Advertisement
Advertisement