മൂന്ന് സാമ്പിളുകളും പോസിറ്റീവ്; ആലപ്പുഴയെ ആശങ്കയിലാക്കി രോഗവ്യാപനം, ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് മുന്നറിയിപ്പ്

Wednesday 17 April 2024 7:36 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആശങ്ക പടര്‍ത്തി വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ മുമ്പ് താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.

പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണെങ്കിലും എച്ച്5എന്‍1 മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് പടരുന്നതിന് കാരണമാകാം. എച്ച്5എന്‍1 അണുബാധ എളുപ്പത്തില്‍ മനുഷ്യ ശരീരത്തില്‍ പകരുന്നതല്ല. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ അണുബാധയുണ്ടായാല്‍ മരണനിരക്ക് 60 ശതമാനം വരെ ഉയരാനും സാദ്ധ്യതയുണ്ട്.

ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. വയറിളക്കം, ഛര്‍ദ്ദി എ്ന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

രണ്ട് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകുകയും. കുടല്‍ പ്രശ്‌നങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങള്‍ എന്നിങ്ങനെ ലക്ഷണങ്ങള്‍ വഷളായേക്കാം. ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുമ്പോള്‍ ശ്രദ്ധവേണമെന്നും വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.