റഹീമിനെ രക്ഷിക്കാനിറങ്ങിയത് മതം നോക്കിയല്ല, അർഹയെങ്കിൽ നിമിഷ പ്രിയയെയും സഹായിക്കുമെന്ന് ബോബി ചെമ്മണ്ണൂർ
കോഴിക്കോട് : സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അദ്ദേഹം നിരപരാധിയായതു കൊണ്ടാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ പറഞ്ഞു, മുസ്ലിം ആയതു കൊണ്ടല്ല അദ്ദേഹത്തെ രക്ഷിച്ചത് , മനുഷ്യന് വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും ബോബി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നാളെ ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും ഒന്നിക്കും. അമേരിക്കയിൽ നിന്നും യൂരോപ്പിൽ നിന്നും ഫണ്ട് ലഭിച്ചിരുന്നു. സത്യസന്ധമായ കാര്യത്തിന് വേണ്ടി നിന്നാൽ ജനങ്ങൾ പണം നൽകും. അത് മലയാളിയുടെ ഐക്യമാണ്. റഹീമിന്റെ മോചനത്തിനായി നടത്തിയ യാചക യാത്ര സിനിമയാക്കും. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ളെസിയുമായി സംസാരിച്ചുവെന്നും ബോചെ പറഞ്ഞു
ബ്ലെസി അനുകൂലമായ മറുപടിയാണ് നൽകിയത്. ഞാൻ ചിത്രത്തിൽ അഭിനയിക്കില്ല, അനുഭവിക്കൽ മാത്രമേയുള്ളൂ. എന്റെ വേഷത്തിൽ ആര് അഭിനയിക്കണമെന്നത് മനസിലുണ്ട്. അബ്ദുൾ റഹീമിന്റെ കഥയാണിത്. ഞാൻ ചെയ്യാത്ത കുറ്റത്തിന് പൊലീസ് സ്റ്റേഷനിൽ ഇരുന്നിട്ടുണ്ട്. അതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് റഹീമിന്റെ കാര്യത്തിൽ ഇടപെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ നിരപരാധിയാണോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവർ തെറ്റുകാരിയല്ലെങ്കിൽ പരിശ്രമിക്കാവുന്നതാണ്. ഇക്കാര്യം മറ്റ് സംഘടനകളുമായി ചർച്ച ചെയ്യുമെന്നും ബോബി പറഞ്ഞു. അതേസമയം ഇത് കൊലപാതകികളെ രക്ഷിക്കാനുള്ള സംവിധാനമായി മാറരുതെന്നും ബോചെ ചൂണ്ടിക്കാട്ടി,