മ്യൂച്വൽ ഫണ്ട് ആസ്തികളിൽ 35 ശതമാനം വർദ്ധന
Thursday 18 April 2024 1:17 AM IST
കൊച്ചി: 2024 സാമ്പത്തിക വർഷം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 14 ലക്ഷം കോടി രൂപ വർദ്ധിച്ച് 53.40 ലക്ഷം കോടി രൂപയിലെത്തിയതായി 2024 മാർച്ചിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 മാർച്ചിലെ 39.42 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണിത്.
2021 സാമ്പത്തിക വർഷം ഈ മേഖലയിൽ ഉണ്ടായ 41 ശതമാനത്തിന്റെ വർദ്ധനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണിത്. 17.78 കോടി ഫോളിയോകൾ എന്ന റെക്കാഡ് വളർച്ചയുടെ കൂടി പിൻബലത്തിലാണ് നേട്ടം.
ഏകദേശം 4.46 കോടി നിക്ഷേപകർ ഈ രംഗത്തുണ്ടെന്നാണ് അനുമാനിക്കുന്നത്. നിക്ഷേപകരുടെ 23 ശതമാനം വനിതകളും 77 പുരുഷൻമാരുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഓഹരി, ഹൈബ്രിഡ്, സൊല്യൂഷൻ അധിഷ്ഠിത പദ്ധതികൾ തുടങ്ങിയവയിലാണ് വ്യക്തിഗത നിക്ഷേപകർ കൂടുതൽ താത്പര്യം കാട്ടുന്നത്.