മോൻസൺ മാവുങ്കലിന്റെ ഭാര്യ ട്രഷറിയിൽ കുഴഞ്ഞുവീണ് മരിച്ചു
ചേർത്തല: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ ക്യു നിൽക്കവെ കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ രാവിലെ 11മണിയോടെ ചേർത്തല സബ് ട്രഷറിയിലാണ് നഗരസഭ 26ാം വാർഡ് വല്ലയിൽ മാവുങ്കൽ ത്രേസ്യാമ്മ (മോൻസി-69) കുഴഞ്ഞുവീണത്. റിട്ട.അദ്ധ്യാപികയാണ്. ട്രഷറി ജീവനക്കാർ ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ സ്ഥലത്തില്ലാത്തതിനാൽ വീട്ടിൽ തനിച്ചായിരുന്നു താമസം.
ചേർത്തല മതിലകം ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂളിലും വിവാഹ ശേഷം ഇടുക്കി രാജഗിരി ലിറ്റിൽ ഫ്ളവർ സ്‌കൂളിലും അദ്ധ്യാപികയായിരുന്നു. ചേർത്തല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെയും നിഗമനം. എന്നാലും പോസ്റ്റുമോർട്ടത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടതിനു ശേഷം ഇന്ന്
ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
മക്കൾ: മാനസ് മോൻസൺ (മെഡിക്കൽ വിദ്യാർത്ഥി,കളമശേരി മെഡിക്കൽ കോളേജ്), ഡോ.മിമിഷ മോൻസൺ(ഹോളി ഫാമിലി ഹോസ്പിറ്റൽ,തൊടുപുഴ).
തൃശൂർ വീയ്യൂർ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ജയിൽ അധികൃതർ അനുമതി നൽകി.