കുട്ടിക്കാലത്തെ ആ ഇഷ്ടം എത്തിച്ചത് വരയുടെ ലോകത്ത്: ആമസോൺ അലക്സ ഡിസൈൻ തലപ്പത്തും ഒരു മലയാളിയുണ്ട്

Thursday 18 April 2024 4:03 AM IST

തിരുവനന്തപുരം: പണ്ട് അച്ഛന്റെ തോളിലിരുന്ന് പൂരം കാണുമ്പോൾ അപർണയെ ആകർഷിച്ചത് നെറ്റിപ്പട്ടങ്ങളുടെയും കുടകളുടെയും രൂപഭംഗിയാണ്.' കുട്ടിക്കാലത്തെ ആ ഇഷ്ടം തൃശൂർ പൂങ്കുന്നം സ്വദേശി അപർണ ഉണ്ണികൃഷ്ണനെ എത്തിച്ചത് ഡിസൈൻ ലോകത്ത്. ഒടുവിൽ ലോകോത്തര കമ്പനിയായ ആമസോണിന്റെ ഡിവൈസ് ഡിസൈൻ വിഭാഗത്തിന്റെ തലപ്പത്തും. നിർമ്മിതബുദ്ധി(എ.ഐ) അടക്കമുള്ള സവിശേഷതകളോടെ ആമസോണിന്റെ വെർച്വൽ വോയിസ് അസിസ്റ്റന്റ് അലക്സയെ പുത്തൻ ഭാവത്തിൽ അവതരിപ്പിച്ച സംഘത്തെ നയിച്ചത് ഈ 39കാരിയാണ്.

'മഴക്കോളുണ്ട്...ഗതാഗതക്കുരുക്ക് ഉണ്ടാകും...ഓഫീസിലേയ്ക്ക് നേരത്തെ ഇറങ്ങണം...' ഇത്തരത്തിൽ നിർദ്ദേശങ്ങൾ നൽകുന്നത് അലക്സയുടെ പുത്തൻ എ.ഐ ഫീച്ചറാണ്. ടാബ്‌ലെറ്റിൽ ദൃശ്യവും കൂടി സംയോജിപ്പിച്ചാണ് നാലുമാസം മുമ്പ് അലക്സയെ പുനരവതരിപ്പിച്ചത്. കുട്ടികളുടെ പി.ടി.എ മീറ്റിംഗ് ഓർമ്മിപ്പിക്കും. ഷോപ്പിംഗ് ലിസ്റ്റ് കാണിക്കും. ഭക്ഷണം ഓർഡർ ചെയ്യും. അഞ്ചു കോടി അലക്സാ ടാബുകളാണ്

ലോകവ്യാപകമായി വിറ്റുപോയത്.

ഏക ഇന്ത്യക്കാരി

ആമസോണിന്റെ ഫയർടാബ്‌ലെറ്റുകളുടെയും ഡിസൈൻ മേധാവിയാണ് അപർണ. അപർണയുടെ മേൽനോട്ടത്തിൽ ഒൻപത് പേരടങ്ങുന്ന സംഘമാണ് അലക്സയുടെ നൂതനായ പല ഫീച്ചറുകളും ഡിസൈൻ ചെയ്തത്. ഈ സംഘത്തിലെ ഏക ഇന്ത്യക്കാരിയാണ് അപർണ.

ചിത്രരചനയിൽ തുടക്കം

തൃശൂർ ഹരിശ്രീ വിദ്യാനിധിയിലായിരുന്നു സ്കൂൾ പഠനം. ചിത്രരചനയായിരുന്നു അന്നത്തെ ഹോബി. ഗുജറാത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ ഇൻഡസ്ട്രിയൽ/പ്രൊഡക്ട് ഡിസൈനിംഗ് കോഴ്സിന് ചേർന്നു. 2010ൽ യു.എസ് ഇലിനിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് മാസ്റ്റേഴ്സ് പൂർത്തിയാക്കി. അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ എസ്.സി ജോൺസൺ ആൻഡ് സൺസിൽ ഡിസൈനറായി. കമ്പനിയുടെ പ്രസിദ്ധമായ 'ഗ്ലേഡ്' എന്ന എയർ ഫ്രെഷ്നർ രൂപകല്പന ചെയ്തത് അപർണയാണ്. 2016ലാണ് ആമസോണിൽ ഡിസൈനർ ആയത്. ആമസോണിന്റെ സ്മാർട്ട് അലാറം ക്ലോക്ക് ഹലോ റൈസ്, മൈക്രോഫാൺ ഇക്കോ ഓട്ടോ തുടങ്ങിവയും ഡിസൈൻ ചെയ്തു. അച്ഛൻ ഡോക്ടറും എഴുത്തുകാരനുമായ ഡോ.ബി.ഉണ്ണികൃഷ്ണൻ, അമ്മ സുജാത. ഭർത്താവ് നിഖിൽ മാത്യുവും ആമസോണിലെ ഡിസൈനറാണ്. മക്കൾ നടാഷ, ഈവാ. കാലിഫോർണിയയിലാണ് താമസം.

അലക്സ

നിർദ്ദേശങ്ങൾക്കനുസരിച്ച് മറുപടി നൽകുന്ന ആമസോണിന്റെ വോയിസ് അസിസ്റ്റന്റ്.

സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാം.

2014ലാണ് പുറത്തിറക്കിയത്

`വലിയൊരു ഉത്തരവാദിത്തവും അവസരവുമാണ് ലഭിച്ചത്. അലക്സ ഇനി എല്ലാ പ്രായക്കാർക്കും പ്രയോജനപ്രദമാകും'

-അപർണ