15ന് ട്രാൻ. വരുമാനം 8.57 കോടി രൂപ

Thursday 18 April 2024 4:42 AM IST

തിരുവനന്തപുരം: വിഷു അവധി കഴിഞ്ഞുള്ള ആദ്യദിനമായ 15ന് കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് കളക്ഷൻ. 8.57 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതോടെ 2023 ഏപ്രിൽ 24ലെ 8.30 കോടി രൂപ എന്ന നേട്ടത്തെ മറികടന്നെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

വിഷുപ്പിറ്റേന്ന് 4179 ബസുകളാണ് നിരത്തിലിറങ്ങിയത്. ആകെ 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തു. കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം.

ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർത്ഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും ഒഴിവാക്കിയിരുന്നു. പകരം വരുമാനലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അധിക സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെ.എസ്.ആർ.ടി.സി നേട്ടം കൈവരിച്ചത്.

എന്നാൽ തിരക്കേറിയ ദീർഘദൂര ബസ് സർവീസുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് യാത്രക്കാരുടെ എണ്ണം അനുസരിച്ച് ക്രമീകരിച്ചു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്ത് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.