പ്ളസ്ടു കോഴക്കേസ്: ഷാജിക്കെതിരെ സത്യവാങ്‌മൂലം

Thursday 18 April 2024 12:56 AM IST

ന്യൂഡൽഹി: മുസ്ളീംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ളസ്ടു കോഴക്കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം അനിവാര്യമാണെന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 2014ൽ അഴീക്കോട് സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിച്ചതിന് 25 ലക്ഷം രൂപ വാങ്ങിയെന്ന വിജിലൻസ് കേസിൽ ഹൈക്കോടതി ഷാജിയെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച അപ്പീലുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇ.ഡിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ജനപ്രതിനിധിയായിരുന്ന ആളുടെ ജീവിതവും പ്രവർത്തനവും വ്യക്തവും സംശയാതീതവുമാകേണ്ടതിനാൽ കേസിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതിന് കൂടുതൽ അന്വേഷണം ആവശ്യമാണ്. കുറ്റാരോപിതനായ വ്യക്തി സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിയുടെ വാദം അടിസ്ഥാനരഹിതമാണ്. സാക്ഷികളിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളും മുൻ ഭാരവാഹികളുമാണെന്നും ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement