സർക്കാർ സ്ഥാപനങ്ങളിൽ 1000 താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

Thursday 18 April 2024 4:58 AM IST

തിരുവനന്തപുരം: ചില സർക്കാർ സ്ഥാപനങ്ങളിലും കാലിക്കറ്റ് സർവകലാശാലയിലും താത്കാലികാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ തുടരുന്ന 1000പേരെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താൻ നീക്കം. ലൈബ്രറി കൗൺസിലിൽ അറുപതോളം താത്കാലികക്കാരെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയ തീരുമാനം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ച ഉത്തരവിന്റെ മറപിടിച്ചാണിത്.

ടൂറിസം വകുപ്പ്, സി-ഡിറ്റ്, കെൽട്രോൺ, സ്കോൾ കേരള (ഓപ്പൺ സ്കൂൾ), എൽ.ബി.എസ്, വനിത കമ്മിഷൻ, യുവജനക്ഷേമ ബോർഡ്, ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റിമോട്ട് സെൻസിംഗ് സെന്റർ, തുടർ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്. കെൽട്രോൺ 240, സി-ഡിറ്റ് 140 എന്നിവിടങ്ങളിലാണ് കൂടുതൽ പേരുള്ളത്. കാലിക്കറ്റ് സർവകലാശാലയിൽ വി.സിയുടെ ഡ്രൈവറുൾപ്പെടെ 30പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം. മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയാൽ ശമ്പള കുടിശികയടക്കം ലക്ഷങ്ങൾ ഓരോരുത്തർക്കും നൽകേണ്ടിവരും.

ലൈബ്രറി കൗൺസിലിൽ 2006മുതൽ ജോലി ചെയ്തിരുന്ന ക്ലാർക്ക്, ഡ്രൈവർ, അറ്റൻഡർ ഉൾപ്പെടെ അറുപതോളംപേരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്നുവർഷം മുൻപ് സ്റ്റേ ചെയ്തെങ്കിലും ഹർജിയിൽ പിന്നീട് വാദംകേട്ട സിംഗിൾ ബെഞ്ച് മാർച്ചിൽ സർക്കാർ തീരുമാനം അംഗീകരിച്ചിരുന്നു.ലൈബ്രറി കൗൺസിലിൽ 2006 മുതലുള്ള 13പേരെ 2018ലും 47പേരെ 2020ലുമാണ് മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയത്. മരിച്ചയാളും പട്ടികയിലുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകി.

നിയമനം രാഷ്ട്രീയ സ്വാധീനത്തിൽ

പല സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സിക്ക് വിട്ടെങ്കിലും ചിലയിടങ്ങളിൽ സ്പെഷ്യൽ റൂൾസ് തയ്യാറാക്കാത്തതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറില്ല.

രാഷ്ട്രീയ സ്വാധീനത്തിലാണ് താത്കാലിക നിയമനങ്ങളിൽ മിക്കതും. പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ് ഉണ്ടെങ്കിലും അതിനെ നോക്കുകുത്തിയാക്കിയാണ് ചിലയിടങ്ങളിൽ താത്കാലികക്കാരെ നിയമിക്കുന്നത്. കിഫ്‌ബി, കെ ഡിസ്ക്, കെ ഫോൺ എന്നിവിടങ്ങളിലും വൻശമ്പളത്തിൽ താത്കാലിക നിയമനങ്ങൾ നടന്നു.

Advertisement
Advertisement