അനീഷ്യയുടെ ആത്മഹത്യ: പ്രതികൾക്ക് മുൻകൂർ ജാമ്യം

Thursday 18 April 2024 12:07 AM IST

കൊച്ചി: കൊല്ലം പരവൂരിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, അസി. പബ്ളിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളാണിവർ. പ്രതികൾ ചോദ്യം ചെയ്യലിനായി 19, 20, 22 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയ ഉപാധികളുമുണ്ട്.

ജനുവരി 21നാണ് അനീഷ്യ ജീവനൊടുക്കിയത്. പ്രതികളുടെ മാനസികപീഡനവും അവഹേളനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. തുടർന്ന് ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.