സുഗന്ധഗിരി മരംമുറി: റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ രണ്ടുപേരോട് വിശദീകരണം തേടി

Thursday 18 April 2024 1:46 AM IST

തിരുവനന്തപുരം: വയനാട് സുഗന്ധഗിരിയിലെ വിവാദ മരംമുറി സംഭവത്തിൽ വീഴ്ച വരുത്തിയ കൽപ്പറ്റ റേഞ്ച് ഓഫീസർ കെ.നീതുവിനെ സസ്പെൻഡ് ചെയ്തു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്ര് ഓഫീസർ എ.സജ്ന, ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ കെ.സജീവൻ എന്നിവരോട് വിശദീകരണം തേടി. വിജിലൻസ് വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശയിൽ അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണ വിഭാഗം) പ്രമോദ് ജി. കൃഷ്ണനാണ് നടപടിയെടുത്തത്. വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരമേഖല സി.സി.എഫിനെ ചുമതലപ്പെടുത്തി.

സംഭവത്തിൽ ഫോറസ്റ്ര് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഓഫീസർമാരായ സജി പ്രസാദ്, എം.കെ. വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ഇവരെ പ്രതിപ്പട്ടികയിൽ ചേർക്കുന്നത് പരിശോധിക്കാനും നിർദ്ദേശമുണ്ട്.

സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നിന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തിൽ ഡി.എഫ്.ഒയും റേഞ്ച് ഓഫീസറും അടക്കം 18പേർ കുറ്റക്കാരാണെന്ന് വനംവകുപ്പ് വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു.

പരിശോധന നടത്താതെ മരംമുറിക്കുന്നതിനു പാസ് അനുവദിച്ചതും കുറ്റകൃത്യം നടക്കുന്നെന്ന് അറിഞ്ഞിട്ടും വൈകി കേസെടുക്കുകയും വേണ്ടവിധത്തിൽ അന്വേഷിക്കാതിരിക്കുകയും ചെയ്തതിൽ റേഞ്ച് ഓഫീസർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 18 പേർക്കെതിരേയും അടിയന്തരമായി ശിക്ഷാനടപടികൾ സ്വീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ വനം അഡി. ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.