ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: ജില്ലയിൽ എടത്വ പഞ്ചായത്തിലെ വിളക്കുമരം പാഠശേഖരത്തിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും വളർത്തു താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം ഏവിയൻ ഇൻഫ്ളുവൻസ (എച്ച് 5, എൻ 1) പോസിറ്റീവ് ആയതോടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിന്റെഅടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാൻ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ചമ്പക്കുളത്തെ കർഷകനായ എബ്രഹാം ഓസേപ്പിന്റെ 3000 താറാവുകളും ചെറുതനയിലെ ദേവരാജന്റെ 171 താറാവുകളും രഘുനാഥന്റെ 238 താറാവുകളും കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ജനങ്ങൾക്ക് ഭീതിവേണ്ടെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യതയില്ലെന്നും അധികൃതർ അറിയിച്ചു.