'താമരയ്‌ക്ക് കുത്തിയില്ലെങ്കിലും വോട്ട് ബിജെപിക്ക്'; കാസർകോട്ടെ മോക് പോൾ വിഷയം പരിശോധിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

Thursday 18 April 2024 12:47 PM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, വോട്ടിംഗ് മെഷീൻ ബിജെപിക്ക് അധിക വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം നൽകി.

കുറഞ്ഞത് നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് കാസർകോട്ടെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന് സുപ്രീം കോടതി നിർദേശവും നൽകി. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്രിമം നടക്കുന്നില്ല എന്ന് ഉറപ്പാക്കാനുള്ള പ്രക്രിയകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും അഭിഭാഷകനോട് കോടതി നിർദേശിച്ചു.

മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ, സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കളക്ടർ കെ ഇൻബാശേഖറിനു പരാതി നൽകിയത്.

മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിംഗ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരു സമയം പബ്ലിഷ് ചെയ്‌തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്‌ഷനുകളുണ്ട്. ഓരോ ഓപ്‌ഷനും ഓരോ തവണ അമർത്തി പരിശോധിച്ചപ്പോൾ നാല് മെഷീനുകളിൽ ബിജെപിക്ക് രണ്ട് വോട്ട് ലഭിച്ചതായി വ്യക്തമായി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.