വാടകക്കാർ കൂട്ടത്തോടെ ഒഴിയുന്നു, രണ്ടുവർഷത്തിനുള്ളിൽ 50 ഓളം പേർ സ്ഥലം വിട്ടു; സംഭവം കൊച്ചിയിൽ
കൊച്ചി: കുടിവെള്ളം കിട്ടാനില്ലാതായതോടെ കെ.പി വള്ളോൻ റോഡിൽ വാടകക്കാർ കൂട്ടത്തോടെ ഒഴിയുന്നു. രണ്ടുവർഷത്തിനുള്ളിൽ 50 ഓളം വാടകക്കാർ ഇവിടം വിട്ട് പോയി. മൂന്നുവർഷത്തോളമായി വലിയ കുടിവെള്ള പ്രശ്നത്തിലാണിവർ. പ്രാഥമികാവശ്യങ്ങൾക്ക് ടാങ്കറിൽ വെള്ളമെത്തിച്ചാണ് ഉപയോഗിക്കുന്നത്. ആയിരങ്ങൾ മുടക്കി ടാങ്കറിൽ വെള്ളമെത്തിച്ചാലും രാത്രിയിൽ പൈപ്പ് ലൈനിൽനിന്ന് മലിനജലം കയറും. തുടർന്ന് വീണ്ടും പണംമുടക്കി വെള്ളം എത്തിക്കും. മുമ്പ് 1,000 ലിറ്ററിന് 650 രൂപയായിരുന്നത് ഇപ്പോൾ 800 രൂപ വരെയായി. ആവശ്യാനുസരണം ടാങ്കർ വെള്ളവും കിട്ടുന്നുമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് റെസിഡന്റ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ. നാലുമാസത്തിനുള്ളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിപ്പോൾ മൂന്ന് മാസത്തോളമായെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞേ പ്രവർത്തനങ്ങൾ തുടങ്ങാൻ സാദ്ധ്യതയുള്ളുവെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 500 ഓളം വീടുകളാണ് കുടിവെള്ളക്ഷാമത്താൽ വലയുന്നത്. കൊച്ചി കോർപ്പറേഷനിലെ 55, 56, 57 ഡിവിഷനുകൾ ഉൾപ്പെട്ട പ്രദേശമാണിത്. പ്രശ്നപരിഹാരത്തിന് അധികൃതർക്ക് പരാതി നൽകിയെങ്കിലും ശാശ്വത നടപടിയുണ്ടായില്ല. സുലഭമായി വെള്ളം ലഭിച്ചിരുന്ന പ്രദേശത്ത് പൊടുന്നനെയാണ് വെള്ളം ഇല്ലാതായത്. ഇതിൽ അന്വേഷണം വേണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാലു പതിറ്റാണ്ടിന്റെ പൈപ്പ്
46 വർഷം മുമ്പ് സ്ഥാപിച്ച പൈപ്പുകളിൽ പല സ്ഥലങ്ങളിലും ചോർച്ചയുണ്ട്. ഇത് പരിഹരിച്ചാലേ വെള്ളമെത്തൂവെന്നാണ് ആദ്യം അറിയിച്ചത്. റോഡ് പൊളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ റോഡ് പുനർനിർമ്മാണ ഫണ്ടില്ലാതെ അനുവദിക്കില്ലെന്ന് അറിയിച്ച് കൗൺസിലർമാർ രംഗത്തെത്തി. തുടർന്ന് പ്രവർത്തനം നിറുത്തിവച്ചു. പൊളിച്ച ഭാഗത്ത് അപകടങ്ങൾ തുടർന്നതോടെ സമരങ്ങൾ നടത്തിയിരുന്നു. ഇതിനുശേഷമാണ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
വേനൽകടുത്തതോടെ കൃത്യമായി ടാങ്കറിലും വെള്ളം എത്താറില്ല. എത്രയും വേഗം ഇതിന് പരിഹാരം കാണണം പി.കെ. മുരളി, സെൻട്രൽ റെസിഡന്റ്സ് അസോസിയേഷൻ, കടവന്ത്ര